കോവിഡ് വ്യാപനത്തില്‍ നേരിയ കുറവ്; സംസ്ഥാനത്ത് അഞ്ച് മരണം

കേരളത്തില്‍ 2007 സജീവ രോഗികള്‍

Update: 2025-06-15 08:28 GMT

രാജ്യത്ത് കോവിഡ് രോഗബാധയില്‍ നേരിയ കുറവ്. ഞായറാഴ്ച പുറത്തുവന്ന റിപ്പോര്‍ട്ടുപ്രകാരം സജീവ രോഗികളുടെ എണ്ണം 7383 ആയി കുറഞ്ഞു. നേരത്തെ ഇത് 7400 ല്‍ എത്തിയിരുന്നു. എന്നാല്‍ 24 മണിക്കൂറിനിടെ 10 മരണങ്ങള്‍ റിപ്പോര്‍ട്ടുചെയ്തിട്ടുണ്ട്.

റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പത്ത് മരണങ്ങളില്‍ മൂന്ന് പേര്‍ ഡല്‍ഹിയില്‍ നിന്നുള്ളവരും, അഞ്ച് പേര്‍ കേരളത്തില്‍ നിന്നുള്ളവരും, രണ്ട് പേര്‍ മഹാരാഷ്ട്രയില്‍ നിന്നുള്ളവരുമാണ്.

കോവിഡിന്റെ പുതിയ സബ് വേരിയന്റുകളുടെ വര്‍ധനവാണ് രോഗം അതിവേഗം പടരുന്നതിന് കാരണമാകുന്നത്. കേരളത്തിലാണ് ഏറ്റവുമധികം രോഗികളുള്ളത്.2007 രോഗികളാണ് സംസ്ഥാനത്തുള്ളത്. ഗുജറാത്തില്‍ 1441 സജീവ കേസുകള്‍ റിപ്പോര്‍ട്ടു ചെയ്തു.മഹാരാഷ്ട്രയിലും ഡല്‍ഹിയിലും യഥാക്രമം 578 ഉം 682 ഉം സജീവ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ സംസ്ഥാനത്ത് 102 കേസുകളാണ് ഉണ്ടായത്.മഹാരാഷ്ട്രയിലും വ്യാപനം കുറഞ്ഞിട്ടുണ്ട്. അതേസമയം ഡല്‍ഹിയില്‍ 10 സജീവ കേസുകളുടെ വര്‍ദ്ധനവ് റിപ്പോര്‍ട്ട് ചെയ്തു.

കോവിഡിന് അനുയോജ്യമായ പെരുമാറ്റരീതികള്‍ പാലിക്കേണ്ടതിന്റെ പ്രാധാന്യം വിദഗ്ദ്ധര്‍ ഊന്നിപ്പറയുന്നു. മാസ്‌ക് ധരിക്കുക, കൈകളുടെ ശുചിത്വം പാലിക്കുക, തിരക്കേറിയ സ്ഥലങ്ങള്‍ ഒഴിവാക്കുക എന്നിവ പ്രധാനമാണ്.

വര്‍ദ്ധിച്ചുവരുന്ന അണുബാധകളുടെ പശ്ചാത്തലത്തില്‍, ജാഗ്രതയും സന്നദ്ധതയും വര്‍ദ്ധിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും ഉപദേശങ്ങള്‍ നല്‍കിയിട്ടുണ്ട്.

Tags:    

Similar News