റഷ്യന്‍ എണ്ണ; അധിക നികുതി യുഎസ് പരിഗണിക്കുന്നില്ലെന്ന് ട്രംപ്

അലാസ്‌ക ഉച്ചകോടിയിലെ ധാരണകളില്‍ പ്രതീക്ഷയെന്ന് ട്രംപ്

Update: 2025-08-16 05:28 GMT

 റഷ്യയില്‍ നിന്ന് അസംസ്‌കൃത എണ്ണ വാങ്ങുന്നത് തുടരുന്ന രാജ്യങ്ങള്‍ക്ക് മേല്‍ യുഎസ് വീണ്ടും നികുതി ചുമത്താന്‍ സാധ്യതയില്ലെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സൂചിപ്പിച്ചു. യുഎസ് അധിക ദ്വിതീയ താരിഫുകള്‍ നടപ്പിലാക്കാന്‍ തീരുമാനിച്ചിരുന്നെങ്കില്‍ ഇന്ത്യയെ അത് ബാധിക്കുമായിരുന്നു എന്ന ആശങ്ക ഉണ്ടായിരുന്നു.

പുടിനുമായുള്ള ഉന്നതതല ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ അലാസ്‌കയിലേക്ക് പോകുംവഴി എയര്‍ഫോഴ്സ് വണ്ണില്‍ ഫോക്സ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് യുഎസ് പ്രസിഡന്റ് ഇക്കാര്യം പറഞ്ഞത്. റഷ്യ-ഉക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കുന്നത് സംബന്ധിച്ച് ഒരു ധാരണയുമില്ലാതെയാണ് യോഗം അവസാനിച്ചത്.

ബുധനാഴ്ച, യുഎസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസെന്റ് ഉച്ചകോടി യോഗത്തില്‍ ട്രംപും പുടിനും തമ്മില്‍ 'കാര്യങ്ങള്‍ ശരിയായില്ലെങ്കില്‍', റഷ്യന്‍ എണ്ണ വാങ്ങുന്നതിന് ഇന്ത്യയ്ക്കുമേലുള്ള ദ്വിതീയ ഉപരോധങ്ങള്‍ വര്‍ദ്ധിപ്പിക്കുമെന്ന് പറഞ്ഞിരുന്നു.

ഓഗസ്റ്റ് 27 മുതല്‍ പ്രാബല്യത്തില്‍ വരുന്ന റഷ്യന്‍ എണ്ണയുടെ വാങ്ങലുകള്‍ക്ക് 25 ശതമാനം ഉള്‍പ്പെടെ, ട്രംപ് ഇന്ത്യയ്ക്ക് മൊത്തം 50 ശതമാനം തീരുവയാണ് ചുമത്തിയിരിക്കുന്നത്.

അലാസ്‌ക ഉച്ചകോടിക്കുശേഷം ട്രംപും പുടിനും ചേര്‍ന്ന് നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ വൈകാതെ ലക്ഷ്യംകാണാനാവുമെന്ന് പ്രതീക്ഷ പ്രകടിപ്പിച്ചിട്ടുണ്ട്. ചര്‍ച്ചയിലെ എത്തിച്ചേര്‍ന്ന ധാരണകള്‍ സംബന്ധിച്ച് താമസിയാതെ സെലന്‍സ്‌കിയുമായി ട്രംപ് സംസാരിക്കും. സമാധാനം കൊണ്ടുവരേണ്ടത് ഇനി സെലന്‍സ്‌കിയുടെ ഉത്തരവാദിത്തമാണെന്നും ട്രംപ് സൂചിപ്പിച്ചു. 

Tags:    

Similar News