തൊഴിലിനും വിദ്യാഭ്യാസത്തിനുമുള്ള യുകെ വിസകളില്‍ ഇന്ത്യക്കാര്‍ മുന്നില്‍

  • ഗ്രാജുവേറ്റ് റൂട്ടില്‍ വിസ കാലവധി നീട്ടിനല്‍കിയവരിലും ഇന്ത്യക്കാര്‍ മുന്നില്‍
  • പ്രത്യേക ആരോഗ്യ സംരക്ഷണ വിസകളിലും ഇന്ത്യക്കാര്‍ക്ക് പ്രാമുഖ്യം
  • 2019 മാര്‍ച്ചുമായുള്ള താരതമ്യത്തില്‍ സ്റ്റുഡന്‍റ് വിസകളില്‍ ഏഴിരട്ടി വര്‍ധന

Update: 2023-05-25 12:14 GMT

കഴിഞ്ഞ വർഷം യുകെ വിതരണം ചെയ്ത വിദഗ്ധ തൊഴിലാളി, വിദ്യാർത്ഥി വിസകളിൽ മുന്നിൽ ഇന്ത്യൻ പൗരൻമാര്‍. ഇന്ന് പുറത്തുവിട്ട ഔദ്യോഗിക കുടിയേറ്റ സ്ഥിതിവിവര കണക്കുകളാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. നാഷണൽ ഹെൽത്ത് സർവീസിലെ ജീവനക്കാരുടെ കുറവ് നികത്താൻ ലക്ഷ്യമിട്ട് യുകെ പ്രത്യേകമായി നല്‍കിയ ആരോഗ്യ സംരക്ഷണ വിസകളില്‍ ഉൾപ്പെടെ ഇന്ത്യക്കാര്‍ മുന്നിലെത്തിയതായി യുകെ ഹോം ഓഫീസ് സമാഹരിച്ച ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്‌സ് (ONS) ഡാറ്റ കാണിക്കുന്നു.

പുതിയ ഗ്രാജുവേറ്റ് പോസ്റ്റ്-സ്റ്റഡി വർക്ക് റൂട്ടിന് കീഴിൽ വിസ അനുവദിക്കപ്പെട്ട വിദ്യാര്‍ത്ഥികളില്‍ ഇന്ത്യന്‍ പൗരന്‍മാരാണ് മുന്നില്‍. അനുവദിക്കപ്പെട്ട വിസകളുടെ 40 ശതമാനവും ഇത്തരത്തിലുള്ളതാണ്. നല്‍കിയ വിസകളുടെ 33 ശതമാനത്തെ പ്രതിനിധീകരിക്കുന്ന വർക്കർ വിഭാഗത്തിലെ വിസകളിലും ഇന്ത്യക്കാരാണ് മുന്നില്‍ കൂടാതെ വിദഗ്‍ധ തൊഴിലാളി, വിദഗ്ധ തൊഴിലാളി - ആരോഗ്യം, പരിചരണം എന്നീ വിസകളും ഇന്ത്യക്കാര്‍ക്കാണ് കൂടുതലായി നല്‍കിയിട്ടുള്ളതെന്ന് ഹോം ഓഫീസ് വിശകലന കുറിപ്പുകളില്‍ പറയുന്നു.

2023 മാർച്ചിൽ അവസാനിച്ച വർഷത്തിൽ മുൻ വിദ്യാർത്ഥികൾക്കായി, മൊത്തം 92,951 ഗ്രാജ്വേറ്റ് റൂട്ട് എക്സ്റ്റൻഷനുകൾ അനുവദിച്ചിട്ടുണ്ട്. ഗ്രാജുവേറ്റ് റൂട്ടില്‍ വിസ കാലവധി നീട്ടിനല്‍കിയവരിലും കൂടുതല്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളാണ്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, ഇന്ത്യക്കാർക്ക് അനുവദിച്ച വിദഗ്‍ധ തൊഴിലാളി വിസകൾ 63% ഉയർന്നു, 2021-22ൽ ഇത്തരം വിസകള്‍ 13,390 ആയിരുന്നത് 2022-23ൽ 21,837 ആയി. ഇക്കാലയളവില്‍ ഇന്ത്യക്കാര്‍ക്ക് ലഭിച്ച ഹെൽത്ത് കെയർ വിസ 14,485 ൽ നിന്ന് 29,726 ആയി, അതായത് 105% വര്‍ധന.

2023 മാർച്ചിൽ അവസാനിക്കുന്ന വർഷത്തിൽ ഇന്ത്യൻ പൗരന്മാർക്ക് 138,532 സ്പോൺസേർഡ് സ്റ്റഡി വിസകള്‍ അനുവദിച്ചു. മുന്‍ വര്‍ഷത്തിലെ 53,429 വിസകളുമായി താരതമ്യം ചെയ്യുമ്പോള്‍ 63% ഉയര്‍ന്നു. 2019 മാർച്ചിലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യക്കാര്‍ക്ക് പഠനത്തിനായി നല്‍കിയ വിസകളില്‍ ഏകദേശം ഏഴിരട്ടി വര്‍ധനയുണ്ടായെന്നാണ് ഡാറ്റ വ്യക്തമാക്കുന്നത്.

സ്പോൺസേർഡ് സ്റ്റഡി വിസ ഉള്ളവര്‍ മുഖേന ലഭിക്കുന്ന ആശ്രിത വിസയിലൂടെ യുകെയിലെത്തിയവരുടെ എണ്ണത്തില്‍ ഒന്നാം സ്ഥാനം നൈജീരിയയാണ്. ഇന്ത്യൻ പൗരന്മാർക്ക് ഇക്കാര്യത്തില്‍ രണ്ടാം സ്ഥാനമാണ്. ഇന്ത്യക്കാര്‍ നേടിയ ഇത്തരം വിസകളുടെ എണ്ണം മുന്‍ വര്‍ഷത്തിലെ 22,598 ൽ നിന്ന് 42,381 ആയി വർദ്ധിച്ചു.ആശ്രിതരായ കുടുംബാംഗങ്ങളെ കൊണ്ടുവരാനുള്ള സ്റ്റുഡന്റ് വിസ ഉടമകളുടെ അവകാശം പിഎച്ച്ഡി തലത്തിലുള്ള വിദ്യാർത്ഥികൾക്ക് മാത്രമായി പരിമിതപ്പെടുത്തുന്ന പ്രഖ്യാപനം അടുത്തിടെയാണ് പുറത്തുവന്നത്. 

Tags:    

Similar News