24 മണിക്കൂറിനുള്ളില്‍ 9 മരണങ്ങള്‍; കോവിഡ് കൂടുതലിടങ്ങളിലേക്ക്

  • കേരളത്തില്‍ രോഗികള്‍ 2109 കടന്നു
  • കര്‍ണാടകത്തിലും അതിവേഗവര്‍ധന

Update: 2025-06-14 07:29 GMT

രാജ്യത്ത് കോവിഡ് കേസുകള്‍ കൂടുതല്‍ ഗുരുതരമാകുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 269 പുതിയ കേസുകളാണ് റിപ്പോര്‍ട്ടു ചെയ്തത്. ഇതേസമയം ഒന്‍പതു മരണങ്ങളും സംഭവിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

സജീവ കേസുകളില്‍ കേരളം ഏറെ മുന്നിലാണ്. നിലവില്‍ 2109 രോഗികളാണ് കേരളത്തിലുള്ളത്. അതേസമയം കര്‍ണാടകയില്‍ ഒറ്റ ദിവസം കൊണ്ട് 132 കേസുകള്‍ റിപ്പോര്‍ട്ടുചെയ്തു.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മഹാരാഷ്ട്രയില്‍ നാല് മരണങ്ങളും കേരളത്തില്‍ മൂന്ന് മരണങ്ങളും രാജസ്ഥാനിലും തമിഴ്നാട്ടിലും ഓരോ മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ജനുവരി മുതല്‍ ഇതുവരെ രാജ്യത്ത് കോവിഡ് ബാധിച്ച മരിച്ചവരുടെ സംഖ്യ 87 ആയി ഉയര്‍ന്നു.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 991 പേര്‍ക്ക് രോഗം ഭേദമായതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 11,967 ആയി.

മണിപ്പൂരിലും രാജസ്ഥാനിലും കേസുകള്‍ വര്‍ദ്ധിക്കുന്നു. മണിപ്പൂരില്‍ വെള്ളിയാഴ്ച അഞ്ച് പുതിയ സജീവ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു , ഇതില്‍ മൂന്ന് ഇംഫാല്‍ ഈസ്റ്റിലും രണ്ട് ഇംഫാല്‍ വെസ്റ്റിലും ഉള്‍പ്പെട്ടതായി സംസ്ഥാന ആരോഗ്യ സേവന ഡയറക്ടറേറ്റ് അറിയിച്ചു.

രാജസ്ഥാനില്‍, പ്രതിദിനം 30-35 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ടെന്നും കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഒരു മരണം റിപ്പോര്‍ട്ട് ചെയ്തതായും മെഡിക്കല്‍, ആരോഗ്യ, കുടുംബക്ഷേമ വകുപ്പ് ഡയറക്ടര്‍ ഡോ. രവി പ്രകാശ് ശര്‍മ്മ പറഞ്ഞു.

മാസ്‌ക് ധരിക്കുക, കൈകളുടെ ശുചിയായി സൂക്ഷിക്കുക, തിരക്കേറിയ സ്ഥലങ്ങള്‍ ഒഴിവാക്കുക തുടങ്ങിയ പെരുമാറ്റരീതികള്‍ ജനങ്ങള്‍ അവലംബിക്കണമെന്ന് അധികൃതര്‍ നിര്‍ദ്ദേശിക്കുന്നു.

അണുബാധയുടെ എണ്ണം വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍, കൂടുതല്‍ ജാഗ്രതയും തയ്യാറെടുപ്പും ഉണ്ടാകണമെന്ന് കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുമുണ്ട്. 

Tags:    

Similar News