ചെറുകിട കര്‍ഷകര്‍ക്ക് ആഗോള പിന്തുണ ആവശ്യമെന്ന് ഇന്ത്യ

  • ബ്രിക്‌സ് കൃഷി മന്ത്രിമാരുടെ യോഗത്തിലാണ് ഇന്ത്യയുടെ ആഹ്വാനം
  • കാലാവസ്ഥാ വ്യതിയാനം, വിലയിലെ ചാഞ്ചാട്ടം, വിഭവ ദൗര്‍ലഭ്യം എന്നിവ നേരിടാന്‍ കര്‍ഷര്‍ക്ക് സഹായം വേണം

Update: 2025-04-19 04:27 GMT

 കാലാവസ്ഥാ വ്യതിയാനം, വിലയിലെ ചാഞ്ചാട്ടം, വിഭവ ദൗര്‍ലഭ്യം എന്നിവയെ നേരിടുന്നതിന് ചെറുകിട കര്‍ഷകര്‍ക്ക് ആഗോള പിന്തുണ ആവശ്യമെന്ന് ഇന്ത്യ. ബസീലില്‍ നടന്ന 15-ാമത് ബ്രിക്‌സ് കൃഷി മന്ത്രിമാരുടെ യോഗത്തില്‍ ന്ത്രി ശിവരാജ് സിംഗ് ചൗഹാനാണ് ഈ അഭിപ്രായം മുന്നോട്ടുവെച്ചത്. ചെറുകിട കര്‍ഷകരെ സംരക്ഷിക്കുകയും ശാക്തീകരിക്കുകയും ചെയ്തില്ലെങ്കില്‍ ആഗോള ഭക്ഷ്യസുരക്ഷാ ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കപ്പെടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഈ വെല്ലുവിളികളെ നേരിടാന്‍ ചെറുകിട കര്‍ഷകര്‍ക്ക് ഒറ്റയ്ക്ക് സാധിക്കില്ല. അവര്‍ക്ക് നയപരമായ പിന്തുണ ആവശ്യമാണ്.

കൃഷി ഒരു സാമ്പത്തിക പ്രവര്‍ത്തനം മാത്രമല്ല, ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് 'ഉപജീവനം, ഭക്ഷണം, അന്തസ്സ്' എന്നിവയുടെ ഉറവിടമാണെന്നും ചൗഹാന്‍ വിശേഷിപ്പിച്ചു.

ചെറുകിട കര്‍ഷകരുടെ വിപണി പ്രവേശനം മെച്ചപ്പെടുത്തുന്നതിനുമുള്ള ഫലപ്രദമായ സമീപനങ്ങളായി ക്ലസ്റ്റര്‍ അധിഷ്ഠിത കൃഷി, കര്‍ഷക ഉല്‍പാദക സംഘടനകള്‍, സഹകരണ മാതൃകകള്‍, പ്രകൃതി കൃഷി എന്നിവ ചൗഹാന്‍ അവതരിപ്പിച്ചതായി കൃഷി മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.

ന്യായമായ കാര്‍ഷിക വ്യാപാരം, ആഗോള വിലയിലെ ചാഞ്ചാട്ടം നിയന്ത്രിക്കല്‍, ചെറുകിട കര്‍ഷകര്‍ക്ക് ആദായകരമായ വില ഉറപ്പാക്കല്‍ എന്നിവയുടെ ആവശ്യകത യോഗം വിലയിരുത്തി.

ഡിജിറ്റല്‍ അഗ്രികള്‍ച്ചര്‍ മിഷന്‍, അഗ്രിസ്റ്റാക്ക്, ഡ്രോണ്‍ സാങ്കേതികവിദ്യ, കാലാവസ്ഥാ-പ്രതിരോധശേഷിയുള്ള ഗ്രാമങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള സാങ്കേതിക സംരംഭങ്ങള്‍ ഇന്ത്യ പങ്കുവെച്ചു. ഈ നൂതനാശയങ്ങള്‍ സേവന വിതരണവും കര്‍ഷക വരുമാനവും എങ്ങനെ മെച്ചപ്പെടുത്തിയെന്നും വിശദീകരിച്ചു.

ഭൂമിയുടെ നശീകരണം, മരുഭൂമീകരണം, മണ്ണിന്റെ ഫലഭൂയിഷ്ഠതയുടെ നഷ്ടം എന്നിവ പരിഹരിക്കുന്നതിനായി ബ്രിക്സ് കൃഷി മന്ത്രിമാര്‍ 'ബ്രിക്സ് ലാന്‍ഡ് റെസ്റ്റോറേഷന്‍ പാര്‍ട്ണര്‍ഷിപ്പ്' ആരംഭിച്ചു.

നവീകരണത്തിനും ആഗോള സഹകരണത്തിനുമുള്ള വേദികളായി 2025 ലെ വേള്‍ഡ് ഫുഡ് ഇന്ത്യയിലും 2025 ലെ വേള്‍ഡ് ഓഡിയോ-വിഷ്വല്‍ എന്റര്‍ടൈന്‍മെന്റ് ഉച്ചകോടിയിലും പങ്കെടുക്കാന്‍ ചൗഹാന്‍ ബ്രിക്‌സ് രാജ്യങ്ങളെ ക്ഷണിച്ചു. 

Tags:    

Similar News