റഷ്യന്‍ ക്രൂഡ് ഇറക്കുമതി ഇടിഞ്ഞു, ഇറാഖില്‍ നിന്നുള്ള ഇറക്കുമതി വര്‍ധിച്ചു

നവംബറിലെ ഇന്ത്യയുടെ മൊത്തം എണ്ണ ഇറക്കുമതിയുടെ 23 ശതമാനവും ഇറാഖില്‍ നിന്നുള്ളതാണ്. റഷ്യയുടെ സംഭാവന 33 ശതമാനവും

Update: 2023-12-02 09:15 GMT

റഷ്യയില്‍ നിന്നുള്ള ഇന്ത്യയുടെ ക്രൂഡ് ഇറക്കുമതി നവംബറില്‍ 4 ശതമാനം ഇടിഞ്ഞു. ഇത് തുടര്‍ച്ചയായി രണ്ടാം മാസമാണ് റഷ്യന്‍ ക്രൂഡിന്റെ ഇറക്കുമതിയില്‍ ഇടിവ് രേഖപ്പെടുത്തുന്നത്.

വോര്‍ട്ടെക്‌സ് എന്ന എനര്‍ജി കാര്‍ഗോ ട്രാക്കറിന്റെ കണക്ക്പ്രകാരം ഇന്ത്യ നവംബറില്‍ റഷ്യയില്‍ നിന്ന് പ്രതിദിനം 1.48 ദശലക്ഷം ബാരല്‍ ക്രൂഡ് ആണ് ഇറക്കുമതി ചെയ്തത്. ഒക്ടോബറില്‍ ഇത് 1.55 ദശലക്ഷമായിരുന്നു.

സെപ്റ്റംബര്‍ മാസവുമായി താരതമ്യം ചെയ്യുമ്പോള്‍ ഒക്ടോബറിലും റഷ്യയില്‍നിന്നുള്ള ക്രൂഡിന്റെ ഇറക്കുമതിയില്‍ 4 ശതമാനത്തിന്റെ ഇടിവുണ്ടായിരുന്നു.

റഷ്യയില്‍നിന്നുള്ള ക്രൂഡ് ഇറക്കുമതി കുറഞ്ഞെങ്കിലും റഷ്യ ഇപ്പോഴും ക്രൂഡ് ഓയില്‍ ഏറ്റവുമധികം കയറ്റുമതി ചെയ്യുന്നത് ഇന്ത്യയിലേക്കാണ്.

അതേസമയം, ഇന്ത്യയുടെ പശ്ചിമേഷ്യന്‍ വിതരണക്കാരായ ഇറാഖില്‍നിന്നുളഌഅസംസ്‌കൃത എണ്ണയുടെ ഇറക്കുമതി നവംബറില്‍ പ്രതിദിനം 1.03 ദശലക്ഷം ബാരല്‍ ആയി.

ഒക്ടോബറില്‍ ഇത് പ്രതിദിനം 7,86,000 ബാരല്‍ ആയിരുന്നു.

നവംബറിലെ ഇന്ത്യയുടെ മൊത്തം എണ്ണ ഇറക്കുമതിയുടെ 23 ശതമാനവും ഇറാഖില്‍ നിന്നുള്ളതാണ്. റഷ്യയുടെ സംഭാവന 33 ശതമാനവും.

2022 ഫെബ്രുവരിയില്‍, ഉക്രെയ്ന്‍ അധിനിവേശത്തിനു ശേഷം യൂറോപ്യന്‍ യൂണിയനും (ഇയു) യുഎസും മോസ്‌കോയ്‌ക്കെതിരെ ഉപരോധം ഏര്‍പ്പെടുത്തിയതോടെയാണ് റഷ്യ ഏഷ്യന്‍ രാജ്യങ്ങളിലേക്ക്, പ്രത്യേകിച്ച് ഇന്ത്യയിലേക്കും ചൈനയിലേക്കും ഡിസ്‌കൗണ്ട് നിരക്കില്‍ എണ്ണ വന്‍തോതില്‍ കയറ്റുമതി ചെയ്യാന്‍ തുടങ്ങിയത്. ഇതോടെ ഇന്ത്യയിലേക്ക് ഏറ്റവുമധികം എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യമായി റഷ്യ മാറി. നേരത്തെ സൗദി അറേബ്യയും ഇറാഖുമായിരുന്നു ഇന്ത്യയിലേക്ക് ഏറ്റവുമധികം എണ്ണ കയറ്റുമതി ചെയ്തിരുന്ന രാജ്യങ്ങള്‍.

Tags:    

Similar News