സംഘര്‍ഷം രൂക്ഷം: ഇന്ത്യക്കാര്‍ക്ക് കരമാര്‍ഗം മടങ്ങാമെന്ന് ഇറാന്‍

  • ഇറാന്‍ വ്യോമാതിര്‍ത്തി അടച്ചു
  • ആയിരക്കണക്കിന് ഇന്ത്യാക്കാര്‍ ഇറാനില്‍ കുടുങ്ങിയിട്ടുണ്ട്

Update: 2025-06-16 11:35 GMT

സംഘര്‍ഷം രൂക്ഷമാകുന്നതിനാല്‍ വ്യോമാതാര്‍ത്തി അടച്ച് ഇറാന്‍. ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ കരമാര്‍ഗം മടങ്ങാന്‍ ടെഹ്‌റാന്‍ നിര്‍ദേശം നല്‍കി.

സംഘര്‍ഷം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഇന്ത്യക്കാരെ സുരക്ഷിതമായി ഒഴിപ്പിക്കുന്നതിനുള്ള ഇന്ത്യയുടെ അഭ്യര്‍ത്ഥനയോട് പ്രതികരിച്ചിരിക്കുകയാണ് ഇറാന്‍. ഒഴിപ്പിക്കലിന് തടസമില്ലെന്നും കര അതിര്‍ത്തികളെല്ലാം തുറന്നിരിക്കുകയാണ് എന്നുമാണ് ഇറാന്‍ ഇന്ത്യയെ അറിയിച്ചിരിക്കുന്നത്.

ആയിരക്കണക്കിന് ഇന്ത്യക്കാരാണ് നിലവില്‍ ഇറാനില്‍ കുടുങ്ങിക്കിടക്കുന്നത്. അതിര്‍ത്തി കടക്കുന്ന ആളുകള്‍ തങ്ങളുടെ പേരുവിവരങ്ങളും, പാസ്‌പോര്‍ട്ട് നമ്പറും ഏത് അതിര്‍ത്തിവഴിയാണ് യാത്ര ചെയ്യുന്നത് എന്നുമുള്ള വിവരങ്ങള്‍ ജനറല്‍ പ്രോട്ടോക്കോള്‍ വകുപ്പിന് നല്‍കാന്‍ ഇന്ത്യക്കാര്‍ക്ക് നിലവില്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഒഴിപ്പിക്കല്‍ നടപടികള്‍ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് ഇറാനിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ നേരത്തെ രംഗത്തെത്തിയിരുന്നു. താമസ സ്ഥലത്തിന് സമീപം മിസൈലുകളും ബോംബുകളും പതിക്കുകയാണെന്നും കുടിവെള്ള വിതരണ ഉള്‍പ്പെടെ തടസപ്പെട്ടിരിക്കുകയാണെന്നുമാണ് വിദ്യാര്‍ത്ഥികള്‍ അറിയിച്ചിരിക്കുന്നത്. ഇന്റര്‍നെറ്റ് സേവനത്തില്‍ പ്രതിസന്ധി നേരിടുന്നതിനാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് വിദേശകാര്യ മന്ത്രാലയത്തിന്റേതുള്‍പ്പെടെയുള്ള സന്ദേശങ്ങള്‍ യഥാസമയം ലഭിക്കുന്നില്ല എന്നാണ് വിവരം.

ഇറാനും ഇസ്രായേലും തമ്മിലുള്ള സംഘര്‍ഷം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറാന്‍ ടെഹ്റാനിലെ ഇന്ത്യന്‍ എംബസി സൗകര്യം ഒരുക്കിയിട്ടുണ്ടെന്നാണ് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. 

Tags:    

Similar News