അക്കൗണ്ട് മരവിപ്പിച്ചത് ഫെഡറല്‍ ബാങ്ക് പിന്‍വലിച്ചു; ഇസ്മയിലിന് ഇനി അരിപ്പത്തിരി കച്ചവടം തുടരാം

  • ഇസ്മയില്‍ നന്ദി പറയുന്നത് മാധ്യമങ്ങളോടാണ്.
  • 300 രൂപ മൂലം വീട് നിര്‍മാണത്തിനുള്ള നാല് ലക്ഷം രൂപ പിന്‍വലിക്കാനാകാതെ ദുരിതത്തിലായിരുന്നു
  • ലക്ഷക്കണക്കിന് രൂപയാണ് ഈവിധം തടഞ്ഞുവെക്കപ്പെട്ടിട്ടുള്ളത്.

Update: 2023-04-19 08:37 GMT

ഗൂഗിള്‍ പേ വഴി 300 രൂപ തന്റെ അക്കൗണ്ടിലെത്തിയതിന്റെ പേരില്‍ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചതിനെ തുടര്‍ന്ന് ജീവിതം വഴിമുട്ടിയ അമ്പലപ്പുഴയിലെ അരിപ്പത്തിരി കച്ചവടക്കാരന്‍ ഇസ്മായിലിന് ഇനി ബിസിനസുമായി മുന്നോട്ടുപോകാം. ബാങ്ക് അക്കൗണ്ട് മരവിപ്പിച്ച നടപടി ഫെഡറല്‍ ബാങ്ക് പിന്‍വലിച്ചതോടെയാണിത്. നടപടി ഗുജറാത്ത് പൊലീസില്‍ നിന്നുള്ള നിർദേശ പ്രകാരമാണെന്നാണ് ബാങ്ക് അറിയിച്ചത്.

ഇതിന് ഇസ്മയില്‍ നന്ദി പറയുന്നത് മാധ്യമങ്ങളോടാണ്. ആറ് മാസമായി തിരിഞ്ഞുനോക്കാതിരുന്ന ബാങ്ക് അധികൃതര്‍ മാധ്യമ വാര്‍ത്തകളെ തുടര്‍ന്ന് സംഭവം വിവാദമായപ്പോഴാണ് നടപടിയെടുക്കാന്‍ നിര്‍ബന്ധിതമായതെന്ന് ഇസ്മായില്‍ പറയുന്നു.

ബാങ്ക് മാനേജര്‍ വിളിച്ചിട്ട് റീജ്യണല്‍ മാനേജരെ കാണണമെന്നും അദ്ദേഹത്തിന് എന്നെ പരിചയപ്പെടണം എന്നും പറഞ്ഞു. എന്റെ ജോലി, കുടുംബം എന്നിങ്ങനെയുള്ള വിശദമായ കാര്യങ്ങള്‍ അന്വേഷിച്ചു. അക്കൗണ്ട് ശരിയാക്കിത്തരാമെന്നും പറഞ്ഞു. വീട്ടിലെത്തി അരമണിക്കൂര്‍ കഴിഞ്ഞ് മാനേജര്‍ അക്കൗണ്ട് ശരിയാക്കിയെന്ന് അറിയിച്ചു.

പണം അയച്ചയാളുടെ ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെട്ട് ഗുജറാത്തില്‍ കേസുണ്ടെന്നാണ് ബാങ്ക് അധികൃതര്‍ പറഞ്ഞിരുന്നത്. 300 രൂപ മൂലം വീട് നിര്‍മാണത്തിനുള്ള നാല് ലക്ഷം രൂപ പിന്‍വലിക്കാനാകാതെ ദുരിതത്തിലായിരുന്നു ഇസ്മായില്‍.

തൃക്കുന്നപ്പുഴ പാനൂര്‍ സ്വദേശിനിയായ യുവതി അരിപ്പത്തിരി വാങ്ങിയതിന്റെ 300 രൂപ ഗൂഗിള്‍ പേ വഴി അയച്ചതാണ് പ്രശ്‌നങ്ങളുടെ തുടക്കം. പണം അയച്ച അക്കൗണ്ടുമായി ബന്ധപ്പെട്ട് സാമ്പത്തിക ഇടപാടില്‍ കേസുണ്ടെന്നാണ് അമ്പലപ്പുഴ ബ്രാഞ്ചിലെ ഉദ്യോഗസ്ഥര്‍ അറിയിച്ചത്. പണം അയച്ച യുവതിയെ സമീപിച്ചെങ്കിലും അവരും കൈമലര്‍ത്തി.

ബാങ്കിന്റെ ഹെഡ് ഓഫീസുമായി ബന്ധപ്പെട്ടിട്ടും ഫലമുണ്ടായില്ല. ഹല്‍വാദ് പൊലീസ് സ്‌റ്റേഷനുമായും ബന്ധപ്പെട്ടു. ഇത് മാധ്യമങ്ങളിലൂടെ വാര്‍ത്തയായതോടെയാണ് ബാങ്ക് അധികൃതര്‍ നിലപാട് മയപ്പെടുത്തിയത്.

വാര്‍ത്തകള്‍ വന്നതിന് പിന്നാലെ ബാങ്ക് അധികൃതര്‍ ഗുജറാത്തിലെ ഹാര്‍ദര്‍ പൊലീസ് സ്‌റ്റേഷനിലെത്തി നേരിട്ട് സംസാരിച്ചു ഇസ്മായിലിന്റെ നിസഹായാവസ്ഥ ബോധ്യപ്പെടുത്തുകയായിരുന്നു. എന്നാല്‍ കേസിനാധാരമായ 300 രൂപ പിടിച്ചുവെക്കണമെന്നാണ് അവര്‍ പറയുന്നത്.

കേസുമായി ബന്ധപ്പെട്ട നിയമനടപടികളുമായി പൊലീസ് മുന്നോട്ട് പോകുന്നുണ്ടെന്നാണ് വിവരം. എന്നാല്‍ കേസിന്റെ കാര്യത്തില്‍ തനിക്ക് ആശങ്കയില്ലെന്നും ഇക്കാരണത്താല്‍ ആറ് മാസമായി മുടങ്ങിക്കിടക്കുന്ന വീടുപണിയുമായി മുന്നോട്ട് പോകാമെന്നും ഇസ്മായില്‍ പറഞ്ഞു.

യു.പി.ഐ ഇടപാടിലൂടെ പണം സ്വീകരിക്കുന്നവരുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കുന്ന സംഭവങ്ങള്‍ സമീപകാലത്ത് വര്‍ധിച്ചുവരുകയാണ്. ബിസിനസുകാരും വ്യാപാരികളുമാണ് ഇരയാകുന്നവരില്‍ കൂടുതലും.

സമാനമായ രീതിയില്‍ യു.പി.ഐ ഇടപാട് നടത്തിയവരുടെ ബാങ്ക് അക്കൗണ്ടുകള്‍ കള്ളക്കേസുകളില്‍ കുടുക്കി മരവിപ്പിക്കുന്ന സംഭവങ്ങള്‍ കേരളത്തില്‍ വര്‍ധിച്ചിട്ടുണ്ട്. ഇതിലേറെയും ഗുജറാത്ത് ഉള്‍പ്പെടെയുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നാണ്. ഇതിനകം നിരവധിയാളുകളാണ് വിവിധ ജില്ലകളില്‍ നിന്നായി ഇത്തരം പരാതികളുമായി സൈബര്‍ പൊലിസിനെ സമീപിച്ചത്.

കേരളത്തില്‍ വിവിധ ജില്ലകളില്‍ ഇത്തരത്തില്‍ ബാങ്ക് അക്കൗണ്ട് ഫ്രീസായി പ്രയാസപ്പെടുന്നവരുണ്ട്. യു.പി.ഐ ഇടപാട് നടത്തിയ പലരുടെയും അക്കൗണ്ടുകള്‍ വ്യാജ കേസുകളുടെ ഭാഗമാക്കി മരവിപ്പിച്ച് ബുദ്ധിമുട്ടിക്കുകയാണ്. ബുദ്ധിമുട്ടിലായവര്‍ അന്വേഷിച്ച് ചെല്ലുമ്പോള്‍ അറിയുന്നത് ഇതര സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ പേരില്‍ ഫ്രീസ് ചെയ്യുന്നുവെന്നതാണ്.

എന്നാല്‍ തങ്ങള്‍ എന്തു തെറ്റുചെയ്തുവെന്ന ചോദ്യത്തിന് ബാങ്കധികൃതര്‍ മറുപടി നല്‍കുന്നില്ല. മറ്റു സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത കേസ് ആയതിനാല്‍ ഇടപെടാനും പിടിച്ചുവെക്കപ്പെട്ട പണം ലഭിക്കാനും ഇടപാടുകാര്‍ക്ക് ബുദ്ധിമുട്ടുണ്ട്. ഒട്ടേറെ ആളുകളുടെ ലക്ഷക്കണക്കിന് രൂപയാണ് ഈവിധം തടഞ്ഞുവെക്കപ്പെട്ടിട്ടുള്ളത്.

Tags:    

Similar News