ജെ ഡി വാന്‍സ് ഇന്ത്യയിലെത്തി; ഇന്ന് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച

  • ജെ ഡി വാന്‍സിനൊപ്പം കുടുംബവും ഇന്ത്യയിലെത്തി
  • വ്യാപാര സംഘര്‍ഷങ്ങള്‍ക്കിടയില്‍ വാന്‍സിന്റെ സന്ദര്‍ശനം ഏറെ പ്രാധാന്യമര്‍ഹിക്കുന്നു

Update: 2025-04-21 07:07 GMT

നാലു ദിവസത്തെ സന്ദര്‍ശനത്തിനായി യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സ് ഇന്ത്യയിലെത്തി. ന്യൂഡല്‍ഹിയിലെ പാലം എയര്‍ഫോഴ്സ് സ്റ്റേഷനില്‍ എത്തിയ യുഎസ് വൈസ് പ്രസിഡന്റിനെ കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവിന്‍്രെ നേതൃത്വത്തില്‍ സ്വീകരിച്ചു. വൈസ് പ്രസിഡന്റ് വാന്‍സും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിലുള്ള ഔപചാരിക കൂടിക്കാഴ്ച ഇന്ന് വൈകിട്ട് 6.30 ന് നടക്കും.

ജെ ഡി വാന്‍സിനൊപ്പം ഭാര്യ ഉഷ വാന്‍സും മക്കളും ഇന്ത്യയിലെത്തിയിട്ടുണ്ട്.

പ്രധാനമന്ത്രി മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ജെ ഡി വാന്‍സ് ചൊവ്വാഴ്ച ജയ്പൂരിലേക്കും തുടര്‍ന്ന് ഏപ്രില്‍ 23 ന് ആഗ്രയിലേക്കും പോകും. വ്യാഴാഴ്ച രാവിലെ 6:40 ന് അദ്ദേഹം പുറപ്പെടുന്നതോടെ അദ്ദേഹത്തിന്റെ ഇന്ത്യന്‍ സന്ദര്‍ശനത്തിന് സമാപ്തിയാകും.

വര്‍ധിച്ചുവരുന്ന യുഎസ്-ചൈന വ്യാപാര സംഘര്‍ഷങ്ങള്‍ക്കിടയില്‍ വാന്‍സിന്റെ ഇന്ത്യാ സന്ദര്‍ശനം ഏറെ പ്രാധാന്യമര്‍ഹിക്കുന്നു. പ്രധാനമന്ത്രി മോദിയുമായുള്ള കൂടിക്കാഴ്ചയില്‍, വ്യാപാര പുനഃസംഘടന, ഇന്തോ-പസഫിക് സഹകരണം, റഷ്യ-ഉക്രെയ്ന്‍ യുദ്ധം തുടങ്ങിയ പ്രധാന വിഷയങ്ങള്‍ ഇരു നേതാക്കളും ചര്‍ച്ച ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.

ഡെല്‍ഹിയിലെത്തിയ വാന്‍സും കുടുംബവും ഡല്‍ഹിയിലെ അക്ഷര്‍ധാം ക്ഷേത്രം സന്ദര്‍ശിച്ചു.

ഇന്ത്യ-യുഎസ് തന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനാണ് വാന്‍സിന്റെ സന്ദര്‍ശനമെന്ന് വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ പറഞ്ഞു. സന്ദര്‍ശനം ഇന്ത്യ-യുഎസ് സമഗ്ര ആഗോള സ്ട്രാറ്റജിക് പാര്‍ട്ണര്‍ഷിപ്പിനെ കൂടുതല്‍ ആഴത്തിലാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി, യുഎസിലെ ഇന്ത്യന്‍ അംബാസഡര്‍ വിനയ് മോഹന്‍ ക്വാത്ര എന്നിവരുമായും വാന്‍സ് കൂടിക്കാഴ്ച നടത്തും. പെന്റഗണിലെയും യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിലെയും ഉന്നത ഉദ്യോഗസ്ഥരും വാന്‍സിനൊപ്പം എത്തിയിട്ടുണ്ട്. 

Tags:    

Similar News