ബാങ്ക് വായ്പകൾ കുറയ്ക്കാൻ കല്യാണിന്റ ശ്രമം, വിമാനങ്ങൾ 134 കോടിക്ക് ഉടനെ വിൽക്കും

കമ്പനി ഈ സാമ്പത്തിക വര്‍ഷത്തില്‍ സ്വര്‍ണ്ണേതര ലോഹ വായ്പകളില്‍ 157 കോടി രൂപയുടെ കുറവ് വരുത്തിയിട്ടുണ്ട്.

Update: 2023-11-18 11:58 GMT

കൊച്ചി:  അതിവേഗം വളരുന്ന  കല്യാണ്‍ ജ്വല്ലേഴ്‌സ് ഗ്രൂപ്പ്  ഇപ്പോള്‍ അവരുടെ കടം  കുറയ്ക്കാനുള്ള  തീവ്രശ്രമത്തിലാണ്. ഇതിന്റെ ഭാഗമായി  മൂന്ന്- നാല് വര്‍ഷത്തിനുള്ളില്‍  ഗോൾഡ് മെറ്റൽ ലോൺ (ജി എം എൽ) ഒഴിച്ചുള്ള  വായ്പകൾ  അടച്ചു തീർക്കാനുള്ള ലക്ഷ്യത്തിലാണ് കമ്പനി. 

ഇതോടൊപ്പതന്നെ, കമ്പനി അതിന്റെ ഉടമസ്ഥതയിലുള്ള രണ്ടു വിമാനങ്ങൾ വിൽക്കാനുള്ള അന്തിമ നടപടികളിലാണ്. 133 .9 കോടി രൂപക്കായിരിക്കും വിമാനങ്ങൾ വിൽക്കുക എന്ന് രേഖകൾ പറയുന്നു. 

കമ്പനി ഈ സാമ്പത്തിക വര്‍ഷത്തില്‍ സ്വര്‍ണ്ണേതര ലോഹ വായ്പകളില്‍ 157 കോടി രൂപയുടെ കുറവ് വരുത്തിയിട്ടുണ്ട്. അടുത്ത വര്‍ഷം 350 കോടി രൂപ തിരിച്ചടയ്ക്കാനാണ് ഉദ്ദേശിക്കുന്നത്. അതു കഴിഞ്ഞുള്ള രണ്ട് വര്‍ഷം കൊണ്ട് യഥാക്രമം 450 കോടി രൂപ, 600 കോടി രൂപ എന്നിങ്ങനെ കുറവ് വരുത്താനും ഉദ്ദേശിക്കുന്നതായി കല്യാണ്‍ ജ്വല്ലറിയുടെ എക്‌സിക്യുട്ടീവ് ഡയറക്ടറായ രമേശ് കല്യാണരാമന്‍ അനലിസ്റ്റുകളോട് സംസാരിക്കവെ വെളിപ്പെടുത്തി .

മിഡില്‍ ഈസ്റ്റിലെ കടങ്ങള്‍ കുറയ്ക്കാനുള്ള യാത്രയിലുമാണ് ഞങ്ങള്‍. നടപ്പ് സാമ്പത്തിക വര്‍ഷം നിലവിലെ മൂന്ന് ഷോറൂമുകള്‍ ഫ്രാഞ്ചൈസികളായി മാറ്റുന്നതിലൂടെ 100 കോടി രൂപ സമാഹരിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ പണം പൂര്‍ണമായും മിഡില്‍ ഈസ്റ്റിലെ കടങ്ങള്‍ വീട്ടാനായി ഉപയോഗിക്കുമെന്നും രമേശ് കല്യാണരാമന്‍ പറഞ്ഞു.

2023 സെപ്റ്റംബര്‍ അവസാനം വരെ കമ്പനിയുടെ വായ്പാ ബുക്കില്‍ 1647.2 കോടി രൂപയുടെ സ്വര്‍ണേതര ലോഹവായ്പകളും 1,853.6 കോടി രൂപയുടെ സ്വര്‍ണ വായ്പകളുമാണുള്ളത്. സ്വര്‍ണ വായ്പകളില്‍ 1,132 കോടി രൂപ വരുന്ന വലിയ ഭാഗം കമ്പനിയുടെ ഇന്ത്യയിലെ കടത്തിന്റെ ഭാഗമാണ്.

വായ്പകള്‍ക്കായി ഈട് നല്‍കിയിരിക്കുന്ന ഭൂമി വില്‍ക്കാന്‍ കമ്പനി താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. എന്നിരുന്നാലും ബാങ്കുകളിലെ വായ്പയുടെ നല്ലൊരു ഭാഗം അടച്ചു തീര്‍ത്താലെ ഇത് സാധ്യമാകുവെന്നും കല്യാണരാമന്‍ കൂട്ടിച്ചേര്‍ത്തു.

വിമാനങ്ങൾ വിൽപ്പനക്ക് 

കമ്പനി അതിന്റെ പ്രധാന  ആസ്തി  യില്‍ ഉള്‍പ്പെടാത്തവ (നോണ്‍ കോര്‍ അസെറ്റ്) വില്‍ക്കാന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. കമ്പനിയുടെ ഉടമസ്ഥതയിലുള്ള രണ്ട് വിമാനങ്ങളാണ് ഇത്തരത്തില്‍ വില്‍പ്പനയ്ക്കുള്ളത്. വിമാനങ്ങള്‍ വില്‍ക്കുന്നതുമായി ബന്ധപ്പെട്ട എല്ലാ നടപടിക്രമങ്ങളും ഏകദേശം കമ്പനി പൂര്‍ത്തിയാക്കിയിട്ടുണ്ട്.

ഇതിന്റെ അവസാന ഭാഗത്തിനായി ഞങ്ങള്‍ കാത്തിരിക്കുകയാണ്, അടുത്ത മൂന്നോ നാലോ ആഴ്ചയ്ക്കുള്ളില്‍ കരാര്‍ പൂര്‍ത്തിയാകും. ഈ പാദത്തില്‍ തന്നെ ഇത് നടപ്പിലാകുമെന്നും കമ്പനിയിലെ ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഈ വിമാനങ്ങളുടെ ന്യായമായ മൂല്യം 133.91 കോടി രൂപയാണെന്നാണ് കമ്പനിയുടെ രേഖയില്‍ പറയുന്നത്.

Tags:    

Similar News