കണ്ടല ബാങ്ക് തട്ടിപ്പ്; ഭാസുരംഗനെ വീണ്ടും ചോദ്യം ചെയ്യും

  • ബാങ്കിലെ വന്‍ ക്രമക്കേടുകള്‍ സംബന്ധിച്ച നിര്‍ണായക വിവരങ്ങള്‍ ഇഡിക്ക് ലഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

Update: 2023-11-16 17:02 GMT

കണ്ടല ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് മുന്‍ ബാങ്ക് പ്രസിഡന്റും സിപിഐ നേതാവുമായ എന്‍ ഭാസുരാംഗനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) വീണ്ടും ചോദ്യം ചെയ്യും. വെള്ളിയാഴ്ച ഇ.ഡിക്ക് മുന്നില്‍ ഹാജരാകാനാണ് നിര്‍ദ്ദേശം. ഇത് മൂന്നാം തവണയാണ് ഭാസുരാംഗനെ ഇഡി ചോദ്യം ചെയ്യുന്നത്. കഴിഞ്ഞ ദിവസം ഇ.ഡി ഭാസുരംഗനെയും മകന്‍ അഖില്‍ജിത്തിനെയും കൊച്ചിയിലെ ഓഫീസില്‍ മണിക്കൂറുകളോളം ചോദ്യം ചെയ്തിരുന്നു.

തട്ടിപ്പ് നടന്നിട്ടില്ലെന്നും ചില ക്രമക്കേടുകള്‍ മാത്രമാണ് നടന്നതെന്നും അത്‌തെളിയിക്കുമെന്നുമാണ് ഭാസുരംഗന്റെ വാദം. ചോദ്യം ചെയ്യാനല്ല, മൊഴിയെടുക്കാനാണ് ഇഡി വിളിപ്പിച്ചതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ഇഡി ഉദ്യോഗസ്ഥര്‍ ബാങ്കിലും ബാങ്ക് ഉദ്യോഗസ്ഥരുടെ വീടുകളിലും റെയ്ഡ് നടത്തിയിരുന്നു. കണ്ടല ബാങ്കിന്റെ മുന്‍ പ്രസിഡന്റായിരുന്ന ഭാസുരാംഗന്റെ വസതി ഉള്‍പ്പെടെയുള്ള ഇടങ്ങളിലാണ് പരിശോധന നടത്തിയത്.

ബാങ്കിലെ വന്‍ ക്രമക്കേടുകള്‍ സംബന്ധിച്ച നിര്‍ണായക വിവരങ്ങള്‍ ഇഡിക്ക് ലഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. പരാതിയുടെ അടിസ്ഥാനത്തില്‍ ഭാസുരാംഗനെ സിപിഐ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കി. ഭാസുരാംഗനെ 20 മണിക്കൂറിലധികം ചോദ്യം ചെയ്തതോടെ ബുധനാഴ്ച രാത്രി മാറനല്ലൂരിലെ വീട്ടില് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയിരുന്നു. ചോദ്യം ചെയ്യലിനായി ദിവസം ഇദ്ദേഹത്തിന്റെ പൂജപ്പുരയിലെ വീട്, കണ്ടല സര്‍വീസ് സഹകരണ ബാങ്ക്, മുന്‍ സെക്രട്ടറിയുടെ വീട്, ഇഡിയുടെ നിരീക്ഷണത്തിലുള്ള കളക്ഷന്‍ ഏജന്റുമാരുടെ വീട് എന്നിവിടങ്ങളിലെല്ലാം ഇദ്ദേഹത്തെ തെളിവെടുപ്പിനായി കൊണ്ടുപോയിരുന്നു. രാത്രി ഒമ്പതോടെ മാറാനല്ലൂരിലെ വീട്ടില്‍ ചോദ്യം ചെയ്യലിനിടെ ശാരീരിക അസ്വസ്ഥതകള്‍ നേരിട്ട ഇദ്ദേഹത്തെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

കണ്ടല ബാങ്കിന്റെ മുന്‍ പ്രസിഡന്റും മറ്റ് ഭാരവാഹികളും വ്യാപകമായ ക്രമക്കേട് നടത്തിയെന്ന പരാതികളെ തുടര്‍ന്നായിരുന്നു ഇഡി റെയ്ഡ്. ഈ പരാതിയുടെ അടിസ്ഥാനത്തില്‍ സഹകരണ സംഘങ്ങളുടെ രജിസ്ട്രാറില്‍ നിന്ന് ഇഡി റിപ്പോര്‍ട്ട് തേടിയിരുന്നു. രജിസ്ട്രാര്‍ ഇ.ഡിക്ക് റിപ്പോര്‍ട്ട് നല്‍കി, പരാതിയുടെ തുടര്‍ച്ചയാണ് ഇപ്പോള്‍ നടക്കുന്ന പരിശോധന.

Tags:    

Similar News