സംസ്ഥാനം പ്രവാസി ബോണ്ടുകളുടെ സാധ്യത പരിശോധിക്കുന്നു

Update: 2023-11-08 12:04 GMT

കൊച്ചി: കേരളം ഇപ്പോൾ നേരിടുന്ന അതിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് കരകയറാൻ പ്രവാസി ബോണ്ടുകൾ ഇറക്കാൻ സംസ്ഥാന സർക്കാരിനോട് ലോക ബാങ്ക് ശുപാർശ.

ലോക ബാങ്കിന്റെ സാമ്പത്തിക ഉപദേഷ്ടാവായ ദിലീപ് റാത്ത്  ആണ് ഈ ആശയം മുന്നോട്ടു വെച്ചത്. സർക്കാർ പ്രതിനിധികളുമായി ഇക്കാര്യം ചർച്ച ചെയ്ത റാത്ത്, ബോണ്ടുകൾ ഇറക്കാനുള്ള എല്ലാ സഹായങ്ങളും  സംസ്ഥാനത്തിന് വാഗ്‌ദാനം ചെയ്തു. ദശലക്ഷ കണക്കിനുള്ള പ്രവാസികളിൽ നിന്ന് സംസ്ഥാനത്തിന് പണം സമാഹരിക്കാനുള്ള ഏറ്റവും വിജയകരമായ മാർഗം ബോണ്ടുകളാണെന്നു റാത്ത് അവരോടു പറഞ്ഞു.

ഇപ്പോൾ ശ്രീലങ്ക, ഇസ്രായേൽ, കെനിയ, ഈജിപ്ത്, ഗ്രീസ് എന്നീ രാജ്യങ്ങൾ പ്രവാസി ബോണ്ടുകൾ ഇറക്കിയിട്ടുണ്ട്. 

സർക്കാരിലെ ഉന്നതർ  നൽകുന്ന സൂചന അനുസരിച്ചു,  ഇനിയും ചീഫ്  സെക്രട്ടറിയുമായി ചർച്ചകൾ ഉണ്ടാകും. അത് കഴിഞ്ഞു  സർക്കാരിന്റെ അനുവാദം കിട്ടുന്ന മുറയ്ക്ക് ബോണ്ടുകൾ ഇറക്കാനുള്ള നടപടികൾ ആരംഭിക്കും. 

കഴിഞ്ഞ സാമ്പത്തിക വര്‍ഷം  പ്രവാസികൾ നാട്ടിലേക്ക് അയച്ചത് 2 ,36 ,000 കോടി രൂപയാണ്. 

ആകർഷകമായ നിരക്ക്   നൽകാൻ  സർക്കാരിന്  കഴിഞ്ഞാൽ, തീർച്ചയായും  ബോണ്ടുകളിൽ നിക്ഷേപിക്കാൻ പ്രവാസികൾ മുന്നോട്ടുവരുമെന്നാണ് സാമ്പത്തിക വിദഗ്ദ്ധരുടെ അഭിപ്രായം. 

എന്നാൽ  സർക്കാരിനെ കുഴക്കുന്നത്, ബോണ്ട് ( കടപത്രം) ഇറക്കിയാൽ അത് സർക്കാരിന്റെ കടമായി കേന്ദ്രവും, ആർ ബി ഐ യും വ്യാഖാനിക്കുമോ എന്നതാണ്.

 ബോണ്ടുകൾ ഇറക്കാനുള്ള അനുവാദത്തിനായി കേന്ദ്രത്തെയും, ആർ ബി ഐ യെയും സമീപിക്കുമ്പോൾ മാത്രമേ ഇതിനു വ്യക്തത ഉണ്ടാകു. 

Tags:    

Similar News