ഓണക്കാലത്ത് വിറ്റഴിച്ചത് 920 കോടിയുടെ മദ്യം

ഉത്രാടം നാളില്‍ ആറ് ഔട്ട്‌ലെറ്റുകളില്‍ ഒരുകോടിയില്‍പരം രൂപയുടെ വില്‍പ്പന

Update: 2025-09-08 08:21 GMT

ഈ ഓണക്കാലത്ത് കേരളം കുടിച്ചുതീര്‍ത്തത് 920.74 കോടിയുടെ മദ്യം. 12 ദിവസങ്ങളിലായിരുന്നു ഈ റെക്കോര്‍ഡ് വില്‍പ്പന. ഓണം സീസണ്‍ കേരള സ്റ്റേറ്റ് ബിവറേജസ് കോര്‍പ്പറേഷന്‍ ലിമിറ്റഡിന് (ബെവ്കോ) വരുമാനത്തിന്റെ ഉത്സവമാണ് നല്‍കിയത്. ബെവ്‌കോയുടെ ചരിത്രത്തില്‍ ഇതുവരെയുള്ളതില്‍വെച്ച് ഏറ്റവും ഉയര്‍ന്ന ഉത്സവ വില്‍പ്പനയായിരുന്നു ഇത്. 2024 ലെ 842.07 കോടി രൂപയാണ് കഴിഞ്ഞ വര്‍ഷം ഈ സീസണില്‍ ബെവ്‌കോ നേടിയത്. ഈ വര്‍ഷം വരുമാനത്തില്‍ 9.34 ശതമാനം വളര്‍ച്ചയാണ് ഉണ്ടായത്.

ഓണക്കാലത്തെ തകര്‍പ്പന്‍ വില്‍പ്പന ഉത്രാട ദിനത്തിലായിരുന്നു. തിരുവോണത്തിനുമുമ്പ് എല്ലാവരും അവസാനവട്ട തയ്യാറെടുപ്പുകള്‍ക്കായി ഉത്രാടപ്പാച്ചിലിലായിരുന്നു. എന്നാല്‍ ബെവ്‌കോയിലും കണ്ടത് ഉത്രാട തിരക്ക് തന്നെയാണ്.

അന്ന് വില്‍പ്പന എക്കാലത്തെയും ഉയര്‍ന്ന നിരക്കായ 137.64 കോടി രൂപയിലെത്തി. കഴിഞ്ഞ വര്‍ഷത്തെ 126.01 കോടി രൂപയില്‍ നിന്ന് 9.23 ശതമാനം വര്‍ധനയാണ് വില്‍പ്പനയില്‍ ഉണ്ടായത്. തിരുവോണം ഡ്രൈ ഡേ ആയി ആചരിച്ചതോടെ, വില്‍പ്പന അവിട്ടത്തിലേക്ക് നീണ്ടു. 94.36 കോടിരൂപയുടെ വില്‍പ്പനയാണ് അന്ന് നടന്നത്.2024-ല്‍ 65.25 കോടി രൂപയില്‍ നിന്ന് കുത്തനെ ഉയര്‍ന്നു.

ഓണക്കാലത്തെ കുതിപ്പ് ബെവ്‌കോയുടെ ശക്തമായ വാര്‍ഷിക പ്രകടനത്തിന് ആക്കം കൂട്ടും. 2024-25ല്‍ കേരളത്തിലെ മദ്യ വില്‍പ്പന 19,730.66 കോടി രൂപയായി ഉയര്‍ന്നിരുന്നു. 2023-24ല്‍ ഇത് 19,069.27 കോടി രൂപയായിരുന്നു, ഇത് 3.5 ശതമാനം വാര്‍ഷിക വളര്‍ച്ചയാണ്. ഇക്കുറി ഈ കണക്ക് മറികടക്കുമെന്ന സൂചനകളാണ് പുറത്തുവരുന്നത്.

ബെവ്‌കോയിലെ വില്‍പ്പനക്കണക്കുകള്‍ സൂചിപ്പിക്കുന്നത് ആഘോഷങ്ങള്‍ മദ്യകൗണ്ടറുകളെ കൂടുതല്‍ സജീവമാക്കുന്നു എന്നാണ്. അവസാന അഞ്ച് ദിവസം 500 രൂപയ്ക്കടുത്താണ് വില്‍പ്പന പൊടിപൊടിച്ചത്.

ആറ് ഔട്ടലെറ്റുകളാണ് ഉത്രാടം നാളില്‍ ഒരുകോടിയില്‍പരം രൂപയുടെ വിറ്റുവരവ് നേടിയത്. ഇതില്‍ മൂന്നെണ്ണം കൊല്ലം ജില്ലയിലാണ്. 

Tags:    

Similar News