കീം 2025 : എൻജിനീയറിങ്ങ് പ്രവേശന രജിസ്ട്രേഷൻ തുടങ്ങി, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Update: 2025-07-13 09:13 GMT

കീം പ്രവേശന പരീക്ഷ പ്രകാരം എൻജിനിയറിങ് (ബിടെക്) പ്രവേശനത്തിനുള്ള ഓപ്‌ഷൻ രജിസ്ട്രേഷൻ നടപടികൾ ആരംഭിച്ചു. റാങ്ക് പട്ടികയിലുള്ളവർക്ക് www.cee.kerala.gov.in ൽ ഓപ്ഷൻ രജിസ്റ്റർചെയ്യാം.

സമയക്രമം

• ഓപ്ഷൻ രജിസ്ട്രേഷൻ ജൂലായ് 16-ന് രാവിലെ 11 വരെ

• പ്രൊവിഷണൽ അലോട്മെൻറ് 17-ന്

• ആദ്യഘട്ട അലോട്മെൻറ് ഫലം 18-ന്

രജിസ്ട്രേഷൻ ഫീസ് 2000 രൂപ. സംവരണ വിഭാഗങ്ങൾക്ക് 500 രൂപ തുക ഓൺലൈനായി അടയ്ക്കാം. കേരളത്തിലെ ഹെഡ് പോസ്റ്റ് ഓഫീസുകളിലും രജിസ്ട്രേഷൻ ഫീസ് അടയ്ക്കാം. കോളേജുകളുടെ പൂർണ പട്ടിക വിജ്ഞാപനത്തിലുണ്ട്.

കോളേജിനനുസരിച്ചും കോഴ്സിനനുസരിച്ചും പഠന ഫീസിൽ വ്യത്യാസമുണ്ടാകാം. ഓരോ ഓപ്ഷനുമായും ബന്ധപ്പെട്ട ഫീസ് വിവരം, സീറ്റ് ടൈപ്പ് എന്നിവ, ഓപ്ഷൻ പേജിൽ കണ്ട് മനസ്സിലാക്കി ഓപ്ഷൻ രജിസ്റ്റർ ആരംഭിക്കാം.

കോളേജ് ടൈപ്പ് (ജി/എൻ/എസ്), ഒരു നിശ്ചിത കോളേജ്, അതിലെ ഒരു ബ്രാഞ്ച് എന്നിവ ചേരുന്നതാണ് പൊതുവേ ഒരു ഓപ്ഷൻ. ചിലപ്പോൾ ഫീസും ഓപ്ഷനിൽ ഒരു ഘടകമാകാം. സർക്കാർ കോസ്റ്റ് ഷെയറിങ്/യൂണിവേഴ്സിറ്റി നിയന്ത്രിത കോളേജ് വിഭാഗത്തിൽ (എൻ) ഒരു സ്ഥാപനത്തിൽത്തന്നെ, കുറഞ്ഞ ഫീസുള്ള സീറ്റും (മെറിറ്റ് ലോവർ ഫീ സീറ്റ്), ഉയർന്ന ഫീസുള്ള സീറ്റും (മെറിറ്റ് ഫുൾ ഫീ സീറ്റ്) ഉണ്ടാകും. ഇവ ഓരോന്നും ഓരോ ഓപ്ഷൻ ആണ്.

ഓപ്ഷനുകളിൽ ആദ്യപരിഗണന വേണ്ടത് ആദ്യം സെലക്ട് ചെയ്യണം. തിരഞ്ഞെടുക്കപ്പെടുന്നവ, തിരഞ്ഞെടുക്കപ്പെട്ട ക്രമത്തിൽ ക്രമനമ്പർ കാണിച്ച് ഒന്നിനുതാഴെ മറ്റൊന്നായി സ്ക്രീനിന്റെ വലതുഭാഗത്ത് വരും. നൽകുന്ന ഓപ്ഷനുകൾ ഇടയ്ക്കിടെ സേവ് ചെയ്യണം. അതിനുള്ള സൗകര്യം ഓപ്ഷൻ പേജിൽ ഉണ്ടാകും.

ഓപ്ഷനുകളെ ബ്രാഞ്ച്, കോളേജ് ടൈപ്പ്, ക്വാട്ട അനുസരിച്ച് സോർട്ട് ചെയ്ത് ഓപ്ഷൻ രജിസ്റ്റർചെയ്യാനും ഹോം പേജിൽ സൗകര്യമുണ്ടാകും. ഫീസ് എത്രയെന്ന് പരിശോധിച്ചറിയുക. സൈറ്റിൽ തന്നെ കാണിക്കും.

‘എൻ’ വിഭാഗത്തിൽ ഒരു ബ്രാഞ്ചിൽ, ഒരു കോളേജിൽ, കുറഞ്ഞ ഫീസുള്ള മെറിറ്റ് ലോവർ ഫീ സീറ്റും ഉയർന്ന ഫീസുള്ള മെറിറ്റ് ഫുൾ ഫീ സീറ്റും ഉണ്ടെങ്കിൽ ഇവയിൽ രണ്ടിലേക്കും പരിഗണിക്കപ്പെടാൻ രണ്ട് ഓപ്ഷനുകളും നൽകണം. മെരിറ്റ് ലോവർ ഫീ സീറ്റിലേക്കുമാത്രം പരിഗണിച്ചാൽ മതിയെങ്കിൽ ആ ഓപ്ഷൻമാത്രം നൽകുക. രണ്ടിലും താത്‌പര്യമുണ്ടെങ്കിൽ, കുറഞ്ഞ ഫീസുള്ള മെറിറ്റ് ലോവർ ഫീ സീറ്റ് ഓപ്ഷൻ തിരഞ്ഞെടുത്തശേഷംമാത്രമേ കൂടിയ ഫീസുള്ള മെറിറ്റ് ഫുൾ ഫീ സീറ്റ് ഓപ്ഷൻ പട്ടികയിൽ ഉൾപ്പെടുത്താൻ കഴിയൂ. കൂടിയ ഫീസുള്ള മെറിറ്റ് ഫുൾ ഫീ സീറ്റിന് അബദ്ധത്തിൽ ഉയർന്ന മുൻഗണന നൽകുന്നത് ഒഴിവാക്കാനാണിത്.

സ്വകാര്യ സ്വാശ്രയ എൻജിനിയറിങ് കോളേജുകളിൽ (എസ്) കോളേജിനനുസരിച്ച് ഫീസ് ഘടനയിൽ മാറ്റമുണ്ടാകും എന്ന വസ്തുതകൂടി മനസ്സിലാക്കണം. ഫീസ് സംബന്ധിച്ച വിവരങ്ങളെല്ലാം ഓപ്ഷൻ രജിസ്ട്രേഷൻ പേജിൽ കാണാം.

കോളേജിനോടാണോ താത്‌പര്യം ബ്രാഞ്ചിനോടാണോ താത്‌പര്യം എന്നതും ഓപ്ഷൻ ക്രമം നിശ്ചയിക്കുന്നതിൽ പരിഗണിക്കണം. ഉദാ: ഒരു വിദ്യാർഥിയുടെ ആഗ്രഹം തിരുവനന്തപുരം കോളേജ് ഓഫ് എൻജിനിയറിങ്ങിൽ ഏതെങ്കിലും ഒരു ബ്രാഞ്ച് കിട്ടണം എന്നാണെന്നുകരുതുക. അവിടെ ഒരു ബ്രാഞ്ചും കിട്ടാതെവന്നാൽമാത്രം മറ്റൊരു ഗവ./എയ്ഡഡ്/എയ്ഡഡ് ഓട്ടോണമസ് കോളേജിലേക്ക് പരിഗണിച്ചാൽ മതി എന്നാണെങ്കിൽ, ആ വിദ്യാർഥി തിരുവനന്തപുരം കോളേജ് ഓഫ് എൻജിനിയറിങ്ങിലെ എല്ലാ ബ്രാഞ്ചുകളും പരിഗണിച്ച്, മുൻഗണന നിശ്ചയിച്ച് അവ ആദ്യം രജിസ്റ്റർചെയ്യണം. തുടർന്ന് മറ്റുകോളേജുകളിലെ ഓപ്ഷനുകൾ നൽകണം.

മറിച്ച് കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ് ബ്രാഞ്ച് ഏതെങ്കിലും ഒരു ഗവ./എയ്ഡഡ്/എയ്ഡഡ് ഓട്ടോണമസ് കോളേജിൽ ലഭിച്ചില്ലെങ്കിൽമാത്രം മറ്റൊരു ബ്രാഞ്ച് മതി എന്നാണ് വിദ്യാർഥിയുടെ താത്‌പര്യം എങ്കിൽ, വിവിധ ഗവ./എയ്ഡഡ്/എയ്ഡഡ് ഓട്ടോണമസ് കോളേജുകളിലെ കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ് ബ്രാഞ്ച്, മുൻഗണന നിശ്ചയിച്ച് ഓപ്ഷൻ പട്ടികയിൽ ഉൾപ്പെടുത്തിയശേഷം മറ്റു ബ്രാഞ്ചുകളുടെ ഓപ്ഷൻ നൽകാൻ ശ്രദ്ധിക്കണം

നിശ്ചിത സമയപരിധിക്കകം ഓപ്ഷനുകൾ എത്രതവണ വേണമെങ്കിലും പുനഃക്രമീകരിക്കാം. ഉൾപ്പെടുത്തിയ ഓപ്ഷനുകൾ ഒഴിവാക്കാം. ഉൾപ്പെടുത്താത്തവ ഉൾപ്പെടുത്താം. ഓപ്ഷനുകളുടെ മുൻഗണനാക്രമം/സ്ഥാനം മാറ്റാനും സൗകര്യമുണ്ട്. അതിനുള്ള ക്രമീകരണങ്ങൾ ഹോം പേജിലുണ്ട്. ഓപ്ഷൻ രജിസ്ട്രേഷൻ സമയപരിധി തീരുമ്പോൾ അപേക്ഷാർഥിയുടെ പേജിൽ അവസാനമായി സേവ് ചെയ്തിരിക്കുന്ന ഓപ്ഷൻ ക്രമമാകും അലോട്മെൻറിനായി പരിഗണിക്കുക.

രജിസ്റ്റർചെയ്ത ഓപ്ഷനുകൾ മാത്രമേ അലോട്മെൻറിന് പരിഗണിക്കൂ. എത്ര ഓപ്ഷനുകൾ നൽകണമെന്ന് അപേക്ഷാർഥിതന്നെ തീരുമാനിക്കണം. അനുവദിച്ചാൽ സ്വീകരിക്കുമെന്ന് ഉറപ്പുള്ളവമാത്രം നൽകുക. കാരണം, അനുവദിക്കുന്ന ഓപ്ഷൻ സ്വീകരിക്കാത്ത പക്ഷം, അലോട്മെന്റ് നഷ്ടപ്പെടുന്നതിനൊപ്പം അലോട്മെൻറിൽനിന്ന്‌ പുറത്താകുകയും ചെയ്യും.

പ്രവേശനസാധ്യതകൾ വിലയിരുത്താൻ മുൻ വർഷങ്ങളിലെ ലാസ്റ്റ് റാങ്ക്പട്ടിക പരിശോധിക്കാം. 2024-ലെ വിവരങ്ങൾ, www.cee.kerala.gov.in ലെ ‘കീം 2024 കാൻഡിഡേറ്റ് പോർട്ടൽ’ ലിങ്കിൽ ലഭിക്കും. ചില വർഷങ്ങളിലേത് www.cee-kerala.org ൽ ലഭിക്കും.

ഓരോ തവണയും ഹോം പേജിൽ കയറിയശേഷം പേജിൽനിന്ന്‌ പുറത്തുവരാൻ ‘ലോഗ് ഔട്ട്’ ക്ലിക്ക് ചെയ്യണം.

ടോക്കൺ ഫീസ്.അലോട്മെൻറ് ലഭിക്കുന്നവർ അലോട്മെൻറ് ലഭിച്ച കോളേജ് വിഭാഗം അനുസരിച്ച് പ്രവേശന പരീക്ഷാ കമ്മിഷണർക്ക് അടയ്ക്കേണ്ട ടോക്കൺ ഫീ ഒടുക്കണം. ഗവൺമെൻറ്/എയ്ഡഡ്/ഓട്ടോണമസ് എയ്ഡഡ് എൻജിനിയറിങ് കോളേജുകൾ-ബാധകമായ മുഴുവൻ ഫീസ് അടയ്ക്കണം.

ഗവ. കോസ്റ്റ് ഷെയറിങ്/ഓട്ടോണമസ്/സെൽഫ് ഫൈനാൻസിങ് - 8000 രൂപ. എസ്‌സി/എസ്‌ടി/ഒഇസി/വിജ്ഞാപനത്തിൽ സൂചിപ്പിച്ചിട്ടുള്ള മറ്റുവിഭാഗക്കാർക്ക് ഗവൺമെൻറ് സീറ്റിൽ പ്രവേശനം ലഭിച്ചാൽ-500 രൂപ. പക്ഷേ, ഇവർക്ക് ഗവ. കോസ്റ്റ് ഷെയറിങ് കോളേജുകളിലെ മെറിറ്റ് ഫുൾഫീ സീറ്റിലോ കമ്യൂണിറ്റി/രജിസ്ട്രേഡ് സൊസൈറ്റി/രജിസ്ട്രേഡ് ട്രസ്റ്റ് ക്വാട്ട സീറ്റിലോ പ്രവേശനം ലഭിച്ചാൽ 8000 രൂപ ടോക്കൺ ഫീ ആയി അടയ്ക്കണം (ഈ സീറ്റിൽ ഈ വിഭാഗക്കാർക്ക് ഫീസ് ഇളവ് ലഭിക്കില്ല).

മാൻഡേറ്ററി റിസർവേഷൻ: ഗവൺമെൻറ് വിഭാഗത്തിൽ ഓരോ കോഴ്സിലെയും ഓൾ ഇന്ത്യ ക്വാട്ട, കേന്ദ്രസർക്കാർ നോമിനേഷൻ, സ്പെഷ്യൽ റിസർവേഷൻ, ഭിന്നശേഷി വിഭാഗം, സൂപ്പർ ന്യൂമററി, മാനേജ്മെൻറ് ക്വാട്ട സീറ്റുകൾ (എയ്ഡഡ് കോളേജ്) തുടങ്ങിയവ ഒഴികെയുള്ള സീറ്റുകൾ മാൻഡേറ്ററി റിസർവേഷൻ സീറ്റുകളായിരിക്കും. എസ്എം -50, ഇഡബ്ല്യു -10, ഇ ഇസഡ് -9, എംയു - 8, ബിഎച്ച്, എൽഎ -3 വീതം, ഡിവി, വികെ -2 വീതം, കെഎൻ, ബിഎക്സ്, കെയു -1 വീതം, എസ്‌സി -8, എസ്ടി - 2 (കോഡുകൾ വിജ്ഞാപനത്തിൽ വിശദീകരിച്ചിട്ടുണ്ട്)

സർക്കാർ കോസ്റ്റ് ഷെയറിങ്/സർവകലാശാലാ നിയന്ത്രിത എൻജിനിയറിങ് കോളേജുകളിൽ ചിലതിൽ ഗവൺമെൻറ് സീറ്റുകൾ മാത്രവും മറ്റുചിലതിൽ ഗവൺമെൻറ് (ലോ ഫീ)/മാനേജ്മെൻറ് (ഫുൾ ഫീ) സീറ്റുകളും അലോട്മെൻറിൽ ഉൾപ്പെടുന്നു.

അലോട്മെൻറ് ലഭിക്കുന്നവർ 18-നും 21-ന് വൈകീട്ട് നാലിനും ഇടയ്ക്ക് ഓൺലൈനായോ ഹെഡ് പോസ്റ്റ് ഓഫീസ് വഴിയോ ഹോം പേജിലെ അലോട്മെൻറ് മെമ്മോയിൽ രേഖപ്പെടുത്തിയ ഫീസ് പ്രവേശനപരീക്ഷാ കമ്മിഷണറുടെ പേരിൽ അടയ്ക്കണം.

ഈ ഘട്ടത്തിൽ കോളേജിൽ പ്രവേശനം നേടേണ്ടതില്ല. ഫീസടച്ചില്ലെങ്കിൽ അലോട്മെൻറ് നഷ്ടപ്പെടും. ബന്ധപ്പെട്ട സ്ട്രീമിലെ അവശേഷിക്കുന്ന ഓപ്ഷനുകൾ നഷ്ടപ്പെടും. നഷ്ടപ്പെട്ട ഓപ്ഷനുകൾ തുടർ റൗണ്ടുകളിൽ ലഭ്യമാവുകയുമില്ല. തുടർ റൗണ്ടുകളുടെ സമയക്രമം പിന്നീട് അറിയിക്കും.

കോളേജുകളിലെ ഫീസ് വിജ്ഞാപ നത്തിൽ ലഭ്യമാണ്. ഓപ്ഷൻ പേജിൽ ഓരോ ഓപ്ഷനുനേരെയും ഇത് കാണാൻ കഴിയും.

Tags:    

Similar News