ഡീ കാപ്രിയോ ചിത്രത്തെ മറികടന്ന് വിജയ്‌യുടെ ലിയോ

  • റിലീസ് ചെയ്ത് നാലാം ദിവസം പിന്നിട്ടപ്പോള്‍ ലിയോ 48.5 ദശലക്ഷം ഡോളറാണ് കളക്റ്റ് ചെയ്തത്
  • റിലീസിനു ശേഷമുള്ള ആദ്യ ഞായറാഴ്ച (ഒക്ടോബര്‍ 22) ലിയോ തമിഴ്‌നാട്ടില്‍ മാത്രം കളക്റ്റ് ചെയ്തത് 27.9 കോടി രൂപ
  • ചിത്രം ഇന്ത്യയില്‍ 200 കോടി രൂപ കളക്റ്റ് ചെയ്തു

Update: 2023-10-24 12:10 GMT

വിജയ് നായകനായി അഭിനയിച്ച ' ലിയോ ' ഇന്ത്യയില്‍ മാത്രമല്ല, ആഗോളതലത്തില്‍ ബോക്‌സ് ഓഫീസ് അടക്കി വാഴുകയാണ്.

കളക്ഷന്റെ കാര്യത്തില്‍ മാര്‍ട്ടിന്‍ സ്‌കോര്‍സെസിയുടെ കില്ലേഴ്‌സ് ഓഫ് ദി ഫ്‌ളവര്‍ മൂണിനെ പിന്നിലാക്കി ലിയോ. ഈ ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ലിയോനാര്‍ഡോ ഡികാപ്രിയോയാണ്.

റിലീസ് ചെയ്ത് നാലാം ദിവസം പിന്നിട്ടപ്പോള്‍ ലിയോ 48.5 ദശലക്ഷം ഡോളറാണ് കളക്റ്റ് ചെയ്തത്. എന്നാല്‍ ഡി കാപ്രിയോ ചിത്രം 44 ദശലക്ഷം ഡോളറാണ് കളക്റ്റ് ചെയ്തത്.

വിജയ് നായകനായെത്തിയ ലിയോ എന്ന ചിത്രത്തില്‍ സഞ്ജയ് ദത്ത്, ത്രിഷ തുടങ്ങിയവരും അഭിനയിച്ചിട്ടുണ്ട്. ലിയോ സംവിധാനം ചെയ്തത് ലോകേഷ് കനകരാജാണ്. 2021-ല്‍ മാസ്റ്റര്‍ എന്ന വിജയ് ചിത്രത്തിനു ശേഷം ഇരുവരും സഹകരിച്ച ചിത്രം കൂടിയാണ് ലിയോ.

ലിയോ റിലീസിനു ശേഷമുള്ള ആദ്യ ഞായറാഴ്ച (ഒക്ടോബർ 22) ചിത്രം തമിഴ്‌നാട്ടില്‍ മാത്രം കളക്റ്റ് ചെയ്തത് 27.9 കോടി രൂപയാണ്.

റിലീസ് ചെയ്ത് അഞ്ച് ദിനങ്ങള്‍ പൂര്‍ത്തിയാക്കിയപ്പോള്‍ ചിത്രം ഇന്ത്യയില്‍ 200 കോടി രൂപ കളക്റ്റ് ചെയ്തു. ആഗോളതലത്തില്‍ 400 കോടി രൂപയും. 

ഒക്ടോബർ 24 -ന് രാവിലെ 10.30ന് പാലക്കാട് അരോമ തിയേറ്ററില്‍ ലിയോയുടെ പ്രമോഷന്‍ പരിപാടിക്കെത്തിയ സംവിധായകന്‍ ലോകേഷ് കനകരാജിന് കാലിന് ചെറിയ പരുക്കേറ്റു. ആവേശം മൂത്ത ആരാധകര്‍ അതിരുവിട്ടതിനെ തുടര്‍ന്നാണിത്. നിയന്ത്രണം വിട്ട ജനക്കൂട്ടത്തെ ഒരുവിധത്തിലാണു പൊലീസ് അടക്കിനിര്‍ത്തിയത്. ലോകേഷിന്റെ പരുക്ക് ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ട്.

Tags:    

Similar News