വേനലില്‍ കൂളാകാന്‍ 'ഹോട്ടായി' മലയാളി, കുടിച്ചത് 3280 കോടി രൂപയുടെ മദ്യം
- 132 കോടി രൂപയുടെ അധിക മദ്യമാണ് രണ്ട് മാസം കൊണ്ട് സംസ്ഥാനത്ത് ചെലവായത്
വേനലില്‍ കൂളാകാന്‍ 'ഹോട്ടാണ്' നല്ലതെന്ന് മദ്യപിക്കുന്നവര്‍ തീരുമാനിച്ചതോടെ മദ്യ കച്ചവടം പൊടിപൊടിച്ചു. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് കഴിഞ്ഞ രണ്ട് മാസം കൊണ്ട് 132 കോടി രൂപയുടെ അധിക വില്‍പ്പനയാണ് കേരളത്തില്‍ നടന്നത്.
2023ലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ വര്‍ഷം മാര്‍ച്ച് മാസത്തില്‍ 53 കോടിയുടെ അധിക വരുമാനം ലഭിച്ചു. 2023 ഏപ്രിലിനേക്കാള്‍ 79 കോടിയാണ് അധികമായി കിട്ടിയത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ 1384 കോടി രൂപയുടെ മദ്യം വിറ്റത് ഇത്തവണ 1453 കോടിയായി ഉയര്‍ന്നു. 2023 ഏപ്രിലില്‍ ആകെ വില്‍പ്പന 1387 കോടിയായിരുന്നത് 1467 കോടിയായി ഉയര്‍ന്നു.
മുൻ വർഷത്തെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ ബിയറിന് ആവശ്യക്കാർ കുറഞ്ഞതായാണ് ബിവ്റേജ് കോർപ്പറേഷൻ കണക്ക് വിശദമാക്കുന്നത്. 2023 മാർച്ച് മാസത്തിൽ 170 കോടിയുടെ ബിയർ വിൽപനയാണ് സംസ്ഥാനത്ത് നടന്നത്. 2024 മാർച്ചിൽ ഇത് 155 കോടിയായി കുറഞ്ഞു.
മാർച്ച്, ഏപ്രിൽ മാസത്തിൽ 3280 കോടി രൂപയുടെ മദ്യവും ബിയറുമാണ് ബിവറേജ് കോർപ്പറേഷൻ വിറ്റഴിച്ചത്. കഴിഞ്ഞ വർഷം ഇത് 3148 കോടി രൂപയായിരുന്നു. മുൻ വർഷത്തേ അപേക്ഷിച്ച് 15 കോടി രൂപയുടെ ബിയർ വിൽപനയുടെ കുറവാണ് സംസ്ഥാനത്തുണ്ടായിട്ടുള്ളത്.
