മാധ്യമ രജിസ്‌ട്രേഷന്‍ ഇനി ലളിതമാകും; കൊളോണിയല്‍ നിയമം റദ്ദാക്കി

  • ടൈറ്റില്‍ രജിസ്‌ട്രേഷന്‍ പ്രക്രിയക്ക് ഇനി 60 ദിവസം മാത്രം മതി
  • രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്ക് അപ്പീല്‍ ബോര്‍ഡ്
  • 2011ല്‍ കോണ്‍ഗ്രസ് ബില്‍ കൊണ്ടുവന്നെങ്കിലും പാസാക്കിയില്ല

Update: 2023-12-22 14:07 GMT

ചരിത്രപരമായ തീരുമാനത്തില്‍ കൊളോണിയല്‍ കാലഘട്ടത്തിലെ പ്രസ് ആന്‍ഡ് രജിസ്ട്രേഷന്‍ ഓഫ് ബുക്ക്സ് ആക്ട് 1867 റദ്ദാക്കി. പകരം 2023 ലെ പ്രസ് ആന്‍ഡ് രജിസ്ട്രേഷന്‍ ബില്‍ ലോക്സഭ പാസാക്കി. പ്രസ് രജിസ്ട്രാറില്‍ പത്രങ്ങളും മറ്റ് ആനുകാലികങ്ങളും രജിസ്റ്റര്‍ ചെയ്യുന്ന പ്രക്രിയയെ നിയമം ലളിതമാക്കുകയും ഡിജിറ്റൈസ് ചെയ്യുകയും ചെയ്യുന്നു. രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യാന്‍ ഒരു അപ്പീല്‍ ബോര്‍ഡ് സ്ഥാപിക്കുകയും ചെയ്യും.

പുതിയ നിയമം ആനുകാലികങ്ങളുടെ പേരും രജിസ്ട്രേഷനും അനുവദിക്കുന്ന പ്രക്രിയ ലളിതവും ഒരേസമയം, ഫിസിക്കല്‍ ഇന്റര്‍ഫേസിന്റെ ആവശ്യമില്ലാതെ ഒരു ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ നടത്തുന്നു.ഇത് പ്രസ് രജിസ്ട്രാര്‍ ജനറലിനെ പ്രക്രിയ വേഗത്തില്‍ ട്രാക്ക് ചെയ്യാന്‍ പ്രാപ്തമാക്കും.

അതുവഴി പ്രസാധകര്‍ക്ക്, പ്രത്യേകിച്ച് ചെറുകിട, ഇടത്തരം പ്രസാധകര്‍ക്ക് ഒരു പ്രസിദ്ധീകരണം ആരംഭിക്കുന്നതിലുള്ള ബുദ്ധിമുട്ടുകള്‍ കുറയ്ക്കാനാകും.

ഏറ്റവും പ്രധാനമായി, പ്രസാധകര്‍ ഇനി ജില്ലാ മജിസ്ട്രേറ്റുകള്‍ക്കോ പ്രാദേശിക അധികാരികള്‍ക്കോ ഒരു ഡിക്ലറേഷന്‍ ഫയല്‍ ചെയ്യേണ്ടതില്ല. പകരം ഒരു അറിയിപ്പ് മാത്രം മതിയാകും. നിലവിലുള്ള പ്രക്രിയക്ക് എട്ട് ഘട്ടങ്ങളാണുണ്ടായിരുന്നത്.ഇത് സമയനഷ്ടത്തിന് കാരണമായി.

പത്രങ്ങള്‍, മാസികകള്‍, പുസ്തകങ്ങള്‍ എന്നിവ സര്‍ക്കാരില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്ന 1867ലെ പ്രസ് ആന്‍ഡ് രജിസ്ട്രേഷന്‍ ഓഫ് ബുക്സ് ആക്റ്റിന് പകരമായാണ് പിആര്‍പി ബില്‍ വരുന്നത്. കൊളോണിയല്‍ കാലത്തെ നിയമത്തിന് പകരം വയ്ക്കാന്‍ ബിജെപി നേതൃത്വത്തിലുള്ള സര്‍ക്കാരും മുന്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സര്‍ക്കാരും ഒന്നിലധികം ശ്രമങ്ങള്‍ നടത്തിയിരുന്നു. 2011ല്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ ബില്‍ കൊണ്ടുവന്നെങ്കിലും പാസാക്കിയില്ല.

അടിമത്തത്തിന്റെ മാനസികാവസ്ഥ ഇല്ലാതാക്കുന്നതിനും പുതിയ ഇന്ത്യയ്ക്കായി പുതിയ നിയമങ്ങള്‍ കൊണ്ടുവരുന്നതിനുമുള്ള മോദി സര്‍ക്കാരിന്റെ മറ്റൊരു ചുവടുവെപ്പാണ് ബില്‍ പ്രതിഫലിപ്പിക്കുന്നതെന്ന് ലോക്‌സഭയില്‍ ബില്‍ അവതരിപ്പിച്ചുകൊണ്ട് ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്കാസ്റ്റിംഗ് മന്ത്രി അനുരാഗ് സിംഗ് താക്കൂര്‍ പറഞ്ഞു.

ബിസിനസ്സ് ചെയ്യാനുള്ള എളുപ്പവും ജീവിത സൗകര്യവും മെച്ചപ്പെടുത്തുന്നതിനാണ് സര്‍ക്കാരിന്റെ മുന്‍ഗണന.

ചില നിയമലംഘനങ്ങള്‍ക്ക്, നേരത്തെയുള്ള ശിക്ഷാവിധിക്ക് പകരം സാമ്പത്തിക പിഴകള്‍ നിര്‍ദ്ദേശിക്കപ്പെട്ടിട്ടുണ്ട്. കൂടാതെ, പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍പേഴ്സണിന്റെ നേതൃത്വത്തില്‍ വിശ്വസനീയമായ ഒരു അപ്പീല്‍ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ചിലപ്പോള്‍ 2-3 വര്‍ഷമെടുക്കുന്ന ടൈറ്റില്‍ രജിസ്‌ട്രേഷന്‍ പ്രക്രിയ ഇപ്പോള്‍ 60 ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്നും താക്കൂര്‍ പറഞ്ഞു.

1867-ലെ നിയമം ബ്രിട്ടീഷ് രാജിന്റെ ഒരു പൈതൃകമായിരുന്നു, അത് പ്രസ്സിന്റെയും പത്രങ്ങളുടെയും പുസ്തകങ്ങളുടെയും പ്രിന്റുകള്‍ക്കും പ്രസാധകരുടെയും മേല്‍ പൂര്‍ണ്ണ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ഉദ്ദേശിച്ചുള്ളതായിരുന്നു. ഒപ്പം കനത്ത പിഴയും വിവിധ ലംഘനങ്ങള്‍ക്ക് തടവ് ഉള്‍പ്പെടെയുള്ള ശിക്ഷകളും അവയില്‍ ഉള്‍പ്പെട്ടിരുന്നു.

Tags:    

Similar News