ഭീകരതയിലെ ഇരട്ടത്താപ്പ് അംഗീകരിക്കാനാവില്ലെന്ന് മോദി

നാല് പതിറ്റാണ്ടുകളായി ഇന്ത്യ ഭീകരതയുടെ ഭീഷണി നേരിടുന്നു

Update: 2025-09-01 06:18 GMT

ഭീകരതയ്ക്കെതിരായ ആഗോള പോരാട്ടം ഐക്യത്തോടെയും പക്ഷപാതമില്ലാതെയും ആയിരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചൈനയിലെ ടിയാന്‍ജിനില്‍ ഷാങ്ഹായ് സഹകരണ സംഘടന (എസ്സിഒ) അംഗങ്ങളുടെ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

നാല് പതിറ്റാണ്ടുകളായി ഇന്ത്യ ഈ ഭീഷണി നേരിടുകയാണെന്നും അടുത്തിടെ പഹല്‍ഗാമില്‍ 'ഭീകരതയുടെ ഏറ്റവും മോശം വശം' കണ്ടതായും അദ്ദേഹം അംഗങ്ങളെ ഓര്‍മ്മിപ്പിച്ചു. ഈ സമയത്ത് ഇന്ത്യയ്ക്കൊപ്പം നിന്ന രാജ്യങ്ങള്‍ക്ക് അദ്ദേഹം നന്ദി പറഞ്ഞു. 'ഈ ആക്രമണം എല്ലാ രാജ്യങ്ങള്‍ക്കും മനുഷ്യത്വത്തില്‍ വിശ്വസിക്കുന്ന വ്യക്തികള്‍ക്കുമുള്ള തുറന്ന വെല്ലുവിളിയായിരുന്നു', മോദി പറഞ്ഞു.

ഭീകരത ഒരു രാജ്യത്ത് മാത്രം ഒതുങ്ങി നില്‍ക്കുന്നതല്ലെന്നും എല്ലാവരെയും ഭീഷണിപ്പെടുത്തുന്നതാണെന്നും പ്രധാനമന്ത്രി മോദി ഊന്നിപ്പറഞ്ഞു. 'സുരക്ഷ, സമാധാനം, സ്ഥിരത എന്നിവയാണ് ഏതൊരു രാജ്യത്തിന്റെയും വികസനത്തിന്റെ അടിസ്ഥാനം. എന്നാല്‍ ഭീകരത, വിഘടനവാദം, തീവ്രവാദം എന്നിവ ഈ പാതയിലെ വലിയ വെല്ലുവിളികളാണ്,' അദ്ദേഹം പറഞ്ഞു.

നേരത്തെ, ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗിന് ഊഷ്മളമായ സ്വാഗതത്തിന് മോദി നന്ദി പറയുകയും ഉസ്‌ബെക്കിസ്ഥാന് സ്വാതന്ത്ര്യദിന ആശംസകള്‍ നേരുകയും ചെയ്തു.

ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗ് തന്റെ ഉദ്ഘാടന പ്രസംഗത്തില്‍ 'ഭീഷണിപ്പെടുത്തുന്ന' പെരുമാറ്റത്തെ വിമര്‍ശിച്ചു. എസ്സിഒ 'ആധിപത്യം, ഭീഷണിപ്പെടുത്തല്‍, പൊങ്ങച്ചം എന്നിവയ്ക്കെതിരെ ഉറച്ചുനില്‍ക്കുകയും' ന്യായമായ ഒരു ആഗോള ഭരണ സംവിധാനം രൂപപ്പെടുത്താന്‍ സഹായിക്കുകയും ചെയ്യണമെന്ന് അദ്ദേഹം പറഞ്ഞു.

പ്രാദേശിക സുരക്ഷാ ഫോറം ശക്തിപ്പെടുത്തുന്നതിന് എല്ലാ അംഗരാജ്യങ്ങളുമായും പ്രവര്‍ത്തിക്കാന്‍ ചൈന തയ്യാറാണെന്ന് ഷി കൂട്ടിച്ചേര്‍ത്തു. 

Tags:    

Similar News