തേജസില്‍ പറന്ന് മോദി
- ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സ് ലിമിറ്റഡില്‍ പ്രധാനമന്ത്രിസന്ദര്‍ശനം നടത്തി
- ഇന്ത്യന്‍ വ്യോമസേന നിലവില്‍ 40 തേജസ് എംകെ1 ഉപയോഗിക്കുന്നു
യുദ്ധവിമാനത്തില്‍ യാത്ര നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി.ബെംഗളൂരുവില്‍ തദ്ദേശീയമായി നിര്‍മ്മിച്ച യുദ്ധവിമാനമായ തേജസിലായിരുന്നു പ്രധാനമന്ത്രി പറന്നത്. ബെംഗളൂരു ആസ്ഥാനമായുള്ള പ്രതിരോധ പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സ് ലിമിറ്റഡിലും മോദി സന്ദര്‍ശനം നടത്തി. കേന്ദ്രത്തില്‍ നടന്നുകൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ പ്രധാനമന്ത്രി അവലോകനം ചെയ്തതായി അധികൃതര്‍ അറിയിച്ചു.
'തേജസിലെ യാത്ര വിജയകരമായി പൂര്‍ത്തിയാക്കി. ഈ അനുഭവം അവിശ്വസനീയമായിരുന്നു. നമ്മുടെ രാജ്യത്തിന്റെ തദ്ദേശീയ കഴിവുകളില്‍ എന്റെ ആത്മവിശ്വാസം ഇത് ഗണ്യമായി വര്‍ധിപ്പിച്ചു. ഒപ്പം നമ്മുടെ ദേശീയ സാധ്യതകളെക്കുറിച്ച് അഭിമാനവും ശുഭാപ്തിവിശ്വാസവും നല്‍കി' പ്രധാനമന്ത്രി മോദി എക്സില്‍ കുറിച്ചു.
തേജസ് സിംഗിള്‍ സീറ്റര്‍ ഫൈറ്റര്‍ എയര്‍ക്രാഫ്റ്റ് ആണെങ്കിലും എയര്‍ഫോഴ്സ് നടത്തുന്ന ഇരട്ട സീറ്റ് ട്രെയിനര്‍ വേരിയന്റിലാണ് പ്രധാനമന്ത്രി യാത്ര ചെയ്തത്. ഇന്ത്യന്‍ നാവികസേനയും ഇരട്ട സീറ്റര്‍ വേരിയന്റാണ് ഉപയോഗിക്കുന്നത്.
ലൈറ്റ് കോംബാറ്റ് എയര്‍ക്രാഫ്റ്റ് തേജസ് 4.5-തലമുറ മള്‍ട്ടി-റോള്‍ ഫൈറ്റര്‍ എയര്‍ക്രാഫ്റ്റാണ്. ഇത് ആക്രമണാത്മക വ്യോമ പിന്തുണ സ്വീകരിക്കുന്നതിനും ഗ്രൗണ്ട് ഓപ്പറേഷനുകള്‍ക്ക് അടുത്ത പോരാട്ട പിന്തുണ നല്‍കുന്നതിനുമായി രൂപകല്‍പ്പന ചെയ്തിട്ടുള്ളതാണ്. അപകടരഹിത പറക്കലിന്റെ മികച്ച സുരക്ഷാ ട്രാക്ക് റെക്കോര്‍ഡാണ് ഈ യുദ്ധവിമാനത്തിനുള്ളത്.
ഇന്ത്യന്‍ വ്യോമസേന നിലവില്‍ 40 തേജസ് എംകെ1 വിമാനങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നു. ഇത് പ്രാഥമികമായി ഇന്ത്യന്‍ എയര്‍ഫോഴ്‌സിനായി രൂപകല്‍പ്പന ചെയ്തതാണ്, എന്നാല്‍ തേജസിന്റെ ഒരു നേവല്‍ വേരിയന്റ് ഗ്രൗണ്ട് മാരിടൈം ഓപ്പറേഷന്‍സ് ഏറ്റെടുക്കുന്നതിനായി പരീക്ഷിച്ചുവരികയാണ്.
