മൂർത്തി വീണ്ടും: നിർമ്മാണ മേഖലയിൽ മൂന്ന് ഷിഫ്റ്റ് വേണം

ഉയര്‍ന്ന ലക്ഷ്യങ്ങളുള്ള രാജ്യങ്ങളിലെ ആളുകളെല്ലാം രണ്ട് ഷിഫ്റ്റിലാണ് ജോലി ചെയ്യുന്നത്

Update: 2023-11-30 12:19 GMT

അടിസ്ഥാന സൗകര്യങ്ങള്‍, നിര്‍മ്മാണം എന്നീ മേഖലകളില്‍ സമയബന്ധിതമായി പദ്ധതികള്‍ പൂര്‍ത്തീകരിക്കണമെങ്കില്‍ മൂന്ന് ഷിഫ്റ്റുകളായെങ്കിലും ജോലി ചെയ്യണമെന്ന് ഇന്‍ഫോസിസ് സ്ഥാപകന്‍ എന്‍ ആര്‍ നാരായണ മൂര്‍ത്തി.

ബെംഗളുരു ടെക് ഉച്ചകോടിയില്‍ സെറോദ സ്ഥാപകന്‍ നിഖില്‍ കാമത്തുമായുള്ള സംഭാഷണത്തിനിടയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. കൂടാതെ, ചൈനയുടെ വികസനവുമായി താരതമ്യം ചെയ്യുമ്പോള്‍ അടിസ്ഥാന സൗകര്യ മേഖലയുമായി ബന്ധപ്പെട്ട പദ്ധതികളില്‍ ഇന്ത്യ വേഗത്തില്‍ തീരുമാനമെടുക്കേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇലക്ട്രോണിക് നഗരമായ ബെംഗളുരുവിലെ മെട്രോ പൂര്‍ത്തിയാക്കിയതിനുശേഷം മറ്റു നഗരങ്ങളിലെ മെട്രോകള്‍ക്ക് പ്രാധാന്യം നല്‍കേണ്ടതുണ്ട്. അടിസ്ഥാന സൗകര്യ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ രാവിലെ 11 മണിക്ക് വന്ന് വൈകിട്ട് 5 മണിക്ക് പോകുന്ന ഒറ്റ ഷിഫ്റ്റ് ജോലിക്ക് പകരം മൂന്ന് ഷിഫ്റ്റിലെങ്കിലും ജോലി ചെയ്യേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഉയര്‍ന്ന ലക്ഷ്യങ്ങളുള്ള രാജ്യങ്ങളിലെ ആളുകളെല്ലാം രണ്ട് ഷിഫ്റ്റിലാണ് ജോലി ചെയ്യുന്നത്.നമുക്കും അത് നടപ്പിലാക്കാന്‍ കഴിഞ്ഞാല്‍ എന്തുകൊണ്ട് വളര്‍ച്ചയില്‍ ഇന്ത്യയ്ക്ക് ചൈനയെ മറികടക്കാന്‍ കഴിയുന്നില്ല എന്ന എന്റെ സംശയം അവസാനിക്കും. പക്ഷേ, അതിന് വേഗത്തില്‍ തീരുമാനങ്ങള്‍ എടുക്കുകയും എല്ലാ സംരംഭകരുടെയും തടസങ്ങള്‍ നീക്കുന്നുവെന്നും ഉറപ്പാക്കേണ്ടതുമുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇന്ത്യയില്‍ നിന്നുള്ള മൊത്തം സോഫ്റ്റ് വേര്‍ കയറ്റുമതിയുടെ 35 ശതമാനം മുതല്‍ 37 ശതമാനം വരെ ബെംഗളൂരുവില്‍ നിന്നാണ്. ബെംഗളൂരുവില്‍ നിന്ന് മാത്രം 7500 കോടി ഡോളര്‍ പ്രതീക്ഷിക്കുന്നത്. കാരണം 20000 കോടി ഡോളറാണ് ഇന്ത്യയില്‍ നിന്നുള്ള മൊത്തം കയറ്റുമതിയെന്നും അദ്ദേഹം പറഞ്ഞു. ജിപിടി -4 പോലുള്ള പുതിയ സാങ്കേതികവിദ്യകള്‍ ഇന്‍ഫോസിസ് പോലുള്ള കമ്പനികള്‍ക്ക് വെല്ലുവിളികള്‍ ഉയര്‍ത്തുന്നുണ്ടോ എന്ന ചോദ്യത്തിന്, മനുഷ്യ മനസ്സാണ് ഏറ്റവും വഴക്കമുള്ളതും ശക്തവും എന്നതാണ് യാഥാര്‍ത്ഥ്യമെന്നായിരുന്നു നാരായണ മൂര്‍ത്തിയുടെ മറുപടി.

ജീവിതം മികച്ചതും ഉത്പാദനക്ഷമവുമാക്കാന്‍ സാങ്കേതിക വിദ്യ എങ്ങനെ ഉപയോഗിക്കാം എന്നതുപോലെ നിരവധി ചോദ്യങ്ങളുടെ ഒരു യാത്രയാണ് ചക്രത്തിന്റം കണ്ടുപിടുത്തം മുതല്‍ ഇപ്പോഴത്തെ ചാറ്റ്ജിപിടി വരെ കാണുന്നത്. സാങ്കേതിക വിദ്യയുടെ ചെലവ് എങ്ങനെ കുറയ്ക്കാം? അത് ഒറ്റത്തവണ കണ്ടുപിടുത്തമോ അല്ലെങ്കില്‍ തുടര്‍ച്ചയായ നവീകരണം വഴിയോ ആണ് ഇത് സംഭവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

വളര്‍ച്ചയ്ക്കും നിലനില്‍പ്പിനുമായി ഏതൊരു കമ്പനിക്കുമുള്ള ഉറപ്പ് നിരന്തരം നവീകരിക്കാനുള്ള മാനസികാവസ്ഥ സൃഷ്ടിക്കാനുള്ള കഴിവാണ്. സിഇഒമാര്‍ ജീവനക്കാര്‍ക്കിടയില്‍ അത്തരം ചിന്തകളെ പ്രോത്സാഹിപ്പിക്കുന്നിടത്തോളം കാലം ചാറ്റ്ജിപിടി, എല്‍എല്‍എം, എംഎല്‍ അല്ലെങ്കില്‍ ആഴത്തിലുള്ള പഠനങ്ങളെക്കുറിച്ച് വിഷമിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയില്‍ ഉചിതമായ നികുതിയുണ്ടോ എന്ന ചോദ്യത്തിന് ഇന്ത്യ ഒരു ദരിദ്ര രാജ്യമാണെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

ഇടത്തരം വരുമാനമുള്ള ഒരു രാജ്യം എന്ന് വിളിക്കപ്പെടുന്നതില്‍ നിന്നുപോലും ഇന്ത്യ വളരെ അകലെയാണ്. ദരിദ്രരായ ജനങ്ങള്‍ക്ക് സര്‍ക്കാര്‍ നിരവധി സേവനങ്ങള്‍ നല്‍കേണ്ടതിനാല്‍ ഞങ്ങള്‍ ഉയര്‍ന്ന നികുതി നല്‍കേണ്ടതുണ്ടെന്ന് മുതലാളിത്തം പ്രഘോഷിക്കുന്നവര്‍ അംഗീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. താന്‍ ഉയര്‍ന്ന നികുതി നല്‍കാന്‍ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.

പാവപ്പെട്ടവര്‍ക്കുള്ള സൗജന്യ സേവനങ്ങള്‍ക്കൊന്നും താന്‍ എതിരല്ല എന്നാല്‍, സര്‍ക്കാര്‍ സൗജന്യ വൈദ്യുതി പോലുള്ള കാര്യങ്ങള്‍ നല്‍കുമ്പോള്‍ ആനുപാതികമായി സ്‌കൂളുകളില്‍ ഹാജര്‍ വര്‍ധിക്കുന്നുണ്ടോ എന്ന് പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ബിജെപി, കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ് തുടങ്ങിയ രാഷ്ട്രീയ പാര്‍ട്ടികള്‍ പാര്‍ട്ടിയെക്കാള്‍ രാജ്യത്തിന് പ്രഥമസ്ഥാനം നല്കുന്ന ഒരു ഇന്ത്യയെയാണ് താന്‍ വിഭാവനം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

Tags:    

Similar News