ഓപ്പറേഷൻ അജയ് ; ഇസ്രായേലിൽ നിന്ന് ആറാം വിമാനവും ഡൽഹിയിലെത്തി
- 26 മലയാളികൾ ഉൾപ്പെടെ 143 യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്.
- 1343 യാത്രക്കാരെ ഓപ്പറേഷൻ അജയ് യുടെ ഭാഗമായി ഇസ്രായേലിൽ നിന്ന് ഇന്ത്യയിൽ എത്തിച്ചിട്ടുണ്ട്.
ഇസ്രായേൽ - ഹമാസ് യുദ്ധം രൂക്ഷമായതിനെത്തുടർന്ന് ഇസ്രായേലിലുള്ള ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനുള്ള ഓപ്പറേഷൻ "അജയ് " യുടെ ഭാഗമായി ആറാമത്തെ വിമാനവും ഡൽഹിയിൽ എത്തി. 26 മലയാളികൾ ഉൾപ്പെടെ 143 യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. ഇന്നലെ രാത്രി 10 .20 നാണ് വിമാനം ഡൽഹി വിമാനത്താവളത്തിൽ എത്തിയത്. നാട്ടിലേക്ക് തിരികെയെത്താനുള്ള ആളുകളുടെ താത്പര്യം അറിയിക്കുന്നതനുസരിച്ചാണ് വിമാനം ക്രമീകരിക്കുന്നതെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇന്ത്യയിലേക്ക് മടങ്ങുന്നതിനായി എംബസിയിൽ രജിസ്റ്റർ ചെയ്ത ഇന്ത്യക്കാരെ തിരികെയെത്തിക്കുന്നത് വരെ ഓപ്പറേഷൻ അജയ് തുടരുമെന്നും മന്ത്രാലയം അറിയിച്ചു.
തിരികെയെത്തിയ 143 പേരിൽ രണ്ടുപേർ നേപ്പാൾ പൗരന്മാരാണ്. ഇവരെ ഡൽഹിയിൽ നിന്ന് നേപ്പാളിലെത്തിക്കാനുള്ള സൗകര്യം നേപ്പാൾ എംബസി ചെയ്തിട്ടുണ്ട്. ഇസ്രായേലിൽ നിന്ന് ഡൽഹിയിലെത്തുന്ന മലയാളികൾക്കായി കേരളം ഹൗസിൽ സൗകര്യം ഒരുക്കിയിട്ടുണ്ട്. ഹെൽപ്പ് ഡെസ്ക് ,കൺട്രോൾ റൂം സൗകര്യവും കേരളം ഹൗസിൽ ഏർപ്പെടുത്തിയിട്ടുണ്ട്.
നേരത്തെ 18 നേപ്പാൾ പൗരൻമാരുൾപ്പെടെ 286 ഇന്ത്യൻ പൗരൻമാരുമായി അഞ്ചാമത്തെ വിമാനം ചൊവ്യാഴ്ച രാത്രി ഡൽഹിയിലെത്തിയിരുന്നു. ഇതുവരെ 20 നേപ്പാൾ പൗരൻമാരുൾപ്പെടെ 1343 യാത്രക്കാരെ ഓപ്പറേഷൻ അജയ് യുടെ ഭാഗമായി ഇസ്രായേലിൽ നിന്ന് ഇന്ത്യയിൽ എത്തിച്ചിട്ടുണ്ട്. ആവശ്യാനുസരണം കൂടുതൽ വിമാനങ്ങൾ അയക്കുമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
