റോബിൻ ബസ് വിട്ടുനല്‍കി; കോയമ്പത്തുരിൽ നിന്ന് പത്തനംതിട്ടയിലേക്ക് സർവീസ് നടത്തും
10,0000 രൂപ പിഴ അടച്ചതിന് പിന്നാലെയാണ് ബസ്, ഉടമക്ക് തിരിച്ച് നൽകിയത്.
പെര്‍മിറ്റ് ലംഘിച്ചെന്ന് കാട്ടി തമിഴ്നാട് മോട്ടര്‍ വാഹനവകുപ്പ് കസ്റ്റഡിയിലെടുത്ത റോബിൻ ബസ് വിട്ടുനൽകി. 10,0000 രൂപ പിഴ അടച്ചതിന് പിന്നാലെയാണ് ബസ്, ഉടമക്ക് തിരിച്ച് നൽകിയത്. പെർമിറ്റ് ലംഘനത്തിനാണ് പിഴ ഈടാക്കിയിരിക്കുന്നത്. കോയമ്പത്തൂർ സെൻട്രൽ ആർടിഒയുടേതാണ് നടപടി. അതെ സമയം ഇന്ന് തന്നെ വൈകിട്ട് 5 മണിക്ക് കോയമ്പത്തുരിൽ നിന്ന് പത്തനംതിട്ടയിലേക്ക് പതിവുപോലെ സർവീസ് നടത്തുമെന്ന് ഉടമ അറിയിച്ചു.
കഴിഞ്ഞ ഞായറാഴ്ചയാണ് തമിഴ്നാട് മോട്ടോർ വാഹന വകുപ്പ് ബസ് കസ്റ്റഡിയിൽ എടുത്തത്. കസ്റ്റഡിയിലെടുത്ത ബസ് യാത്രക്കാർ ഉൾപ്പെടെ മോട്ടോർ വാഹന വകുപ്പിന്റെ ഗാന്ധിപുരം സെൻട്രൽ ഓഫീസിലേക്ക് മാറ്റുകയും ചെയ്തിരുന്നു. ബസിലെ യാത്രക്കാരെ ഞായറാഴ്ച്ച രാത്രിയോടെ തന്നെ നാട്ടിൽ എത്തിച്ചിരുന്നു. വാളയാർ അതിർത്തി വരെ തമിഴ്നാട് ആർടിസി ബസിലും തുടർന്ന് ബസുടമയും വാഹനം ഏർപ്പാട് ചെയ്തിരുന്നു. ഈ വാഹനത്തിലാണ് യാത്രക്കാരെ പത്തനംതിട്ടയിലെത്തിച്ചത്.