കേരളം വിടുന്ന റബ്ബർ നഴ്സറികൾ
റബ്ബർ ബോർഡ് ലക്‌ഷ്യം വയ്ക്കുന്നത് വടക്കു-കിഴക്കൻ സംസ്ഥാനങ്ങളിൽ രണ്ടു ലക്ഷം ഹെക്ടർ സ്ഥലത്തു റബ്ബർ കൃഷി വ്യാപിപ്പിക്കാനാണ്.
അടുത്തകാലം വരെ നല്ല റബ്ബർ തൈകൾ അന്വേഷിച്ചു മധ്യതിരുവതാംകൂറിലേക്കു കർഷകർ ഒഴുകിയിരുന്നു. ആ കാലമെല്ലാം ഇനിയും തിരിച്ചു വരാത്തതുപോലെ കാണാമറയെത്തേക്കു മറഞ്ഞു. പഴയമരങ്ങൾ വെട്ടി പുതിയ മരങ്ങൾ വച്ചുപിടിപ്പിക്കാൻ കർഷകർക്ക് ഇപ്പോൾ പഴയതുപോലെ താൽപ്പര്യമില്ല. ചെലവും, വരവും കൂട്ടിമുട്ടാത്തതു തന്നെ കാരണം. അതോടെ റബ്ബർ നഴ്സറികളുടെയും ശനിദശ തുടങ്ങി. കീശ കാലിയായി തുടങ്ങിയതോടു, നഴ്സറി ഉടമകൾ പുതിയ മേച്ചിൽ പുറങ്ങൾ തേടി യാത്രയായി. അത് അവരെ റബ്ബർ കൃഷിയുടെ പുതിയ വാഗ്‌ദത്ത ഭൂമിയായ വടക്കു-കിഴക്കൻ സംസ്ഥാനങ്ങളിൽ എത്തിച്ചു. അതോടെ അവർ റബ്ബർ നഴ്സറികൾ അങ്ങോട്ട് പറിച്ചുനടാൻ തുടങ്ങി. ഇപ്പോൾ ഇന്ത്യയിൽ പുതിയതായി ഉയർന്നു വരുന്ന റബ്ബർ ബെൽറ്റായ പശ്ചിമ ബംഗാൾ തൊട്ടു മേഘാലയ വരെയുള്ള സംസ്ഥാനങ്ങളിൽ കേരളത്തിൽ നിന്നുള്ളവരുടെ ഉടമസ്ഥതയിലുള്ള റബ്ബർ നഴ്സറികൾ മുളച്ചു വരുന്നു.
റബ്ബർ ബോർഡിൻറെ ``ഇൻറോഡ്`'' പദ്ധതിയാണ് കേരളത്തിലെ നഴ്സറി ഉടമകളെ അവിടെ എത്തിച്ചത്. പദ്ധതി അനുസരിച്ചു, ബോർഡ് ലക്‌ഷ്യം വയ്ക്കുന്നത് 2021 -22 സാമ്പത്തിക വര്ഷം തുടങ്ങി അഞ്ചു വര്ഷം കൊണ്ട് ഏഴ് വടക്കു-കിഴക്കൻ സംസ്ഥാനങ്ങളിൽ രണ്ടു ലക്ഷം ഹെക്ടർ സ്ഥലത്തു റബ്ബർ കൃഷി വ്യാപിപ്പിക്കാനാണ്.
ഓൾ കേരള റബ്ബർ നഴ്സറി ഓണേഴ്‌സ് അസ്സോസിയേഷന്റെ കണക്കനുസരിച്ചു, ഇതിനകം തന്നെ കേരളത്തിലെ 15 നഴ്‌സറികൾ അവരുടെ ശാഖകൾ ഈ സംസ്ഥാനങ്ങളിൽ തുടങ്ങി കഴിഞ്ഞു. അടുത്ത നടീൽ സമയത്തിന് മുമ്പ്, കേരളത്തിലെ പല നഴ്സറികളും അങ്ങോട്ട് ചേക്കേറും. അസോസിയേഷന്റെ വിശകലനത്തിൽ, പുനർകൃഷിയുടെ വ്യാപ്തിയിൽ വന്ന വലിയ കുറവാണ് കേരളത്തിലെ നഴ്സറികളെ സംസ്ഥാനം വിടാൻ പ്രേരിപ്പിക്കുന്ന പ്രധാന ഘടകം.
റബ്ബർ ബോർഡുമായുള്ള കരാർ അനുസരിച്ചു, വടക്കു-കിഴക്കൻ സംസ്ഥാനങ്ങളിലെ തോട്ടങ്ങളിൽ തൈകൾ കേരളത്തിൽ നിന്ന് എത്തിക്കുക എന്നത് നഴ്സറികൾക്കു വലിയ വെല്ലു വിളിയാണ്. അതിൽ ഏറ്റവും പ്രധാനം ഭീമമായ കടത്തുകൂലി ആണ്. രണ്ടാമത്തേത്, ലക്ഷ്യ സ്ഥാനത്തു എത്തുമ്പോഴേക്കും തൈകളിൽ നല്ലൊരു പങ്കു നശിച്ചിരിക്കും എന്നതാണ്. ഈ കഴിഞ്ഞ നടീൽ സീസണിൽ ഒരു തൈക്കു 116 രൂപയ്ക്കാണ് അവിടെ കർഷകർക്ക് നൽകിയത്. അതിനു മുമ്പുള്ള സീസണിൽ 90 രൂപക്കും . ഈ സംസ്ഥാനങ്ങളിൽ നഴ്സറികൾ തുടങ്ങുകയാണെങ്കിൽ തൈകളുടെ വിലയിൽ 30 ശതമാനത്തിൽ അധികം കുറവുണ്ടാകുമെന്നാണ് അസോസിയേഷൻ പറയുന്നത്.
അടുത്തിടെ അവസാനിച്ച നടീൽ സീസണിൽ കേരളത്തിൽ നിന്നുള്ള നഴ്സറികൾ , പ്രതേകിച്ചു മണ്ണാർക്കാട് - പാലക്കാടു ബെൽറ്റിൽ നിന്നുള്ളവ 30 ലക്ഷം തൈകളാണ് വടക്കു-കിഴക്കൻ സംസ്ഥാനങ്ങളിൽ വിതരണം ചെയ്തത്.
റബ്ബർ കൃഷി വ്യാപിപ്പിക്കുന്നതിന്റെ മൂന്നാം ഘട്ടമായ ഈ നടീൽ സീസണിൽ ഏതാണ്ട് 41000 ഹെക്ടറിലാണ് തൈകൾ നട്ടത്. ഇതോടെ, വടക്കു - കിഴക്കൻ മേഖലയിൽ 60000 ഹെക്ടറിൽ ഇപ്പോൾ റബ്ബർ കൃഷി വ്യപിപ്പിക്കുവാൻ കഴിഞ്ഞിട്ടുണ്ടന്നു റബ്ബർ ബോർഡ് അധികൃതർ പറഞ്ഞു. കേരളത്തിൽ നിന്ന് എത്തുന്ന തൈകളിൽ നല്ലൊരു ഭാഗവും വടക്കു -കിഴക്കൻ മേഖലയിൽ എത്തുമ്പോഴേക്കും, നശിച്ചു പോകുന്നത്കൊണ്ട്, അവിടെയുള്ള നഴ്സറികളിൽ നിന്ന് തൈകൾ വിതരണം ചെയ്യനുള്ള മാർഗങ്ങൾ ബോർഡ് സ്വീകരിച്ചുകൊണ്ടിരിക്കുകയാണെന്നു അവർ പറഞ്ഞു.
കേരളത്തിലെ നഴ്സറികളെല്ലാം വടക്കു-കിഴക്കൻ മേഖലയിലേക്ക് പോയാൽ, ഇവിടെയുള്ള ചെറുകിട കർഷകർക്ക് നല്ല തൈകൾ കിട്ടുമോ എന്ന് അവർക്കു വലിയ ആശങ്ക ഉണ്ട്.
``നല്ല തൈകൾ കിട്ടിയില്ലെങ്കിൽ, ഞങ്ങൾ പച്ചക്കറി, പഴവർഗങ്ങൾ എന്നിവയുടെ കൃഷിയിലേക്കു മാറും,'' ചെറുകിട റബ്ബർ കർഷകനായ കാഞ്ഞിരപ്പള്ളി സ്വദേശി ഇട്ടി അയിപ്പ് പറയുന്നു.
