മുഹൂർത്ത വ്യാപരത്തിൽ സെൻസെക്സ് 355 പോയിന്റും, നിഫ്റ്റി 100 പോയിന്റും നേട്ടത്തിൽ

ഈ വർഷത്തെ മുഹൂർത്ത വ്യാപാരം നിക്ഷേപകർക്ക് 2 .2 ലക്ഷം കോടി രൂപയാണ് നേടി കൊടുത്തത്

Update: 2023-11-12 15:37 GMT

മുഹൂർത്ത വ്യാപാരത്തിൽ ഇന്ത്യൻ ഓഹരി വിപണിയിലെ അടിസ്ഥാന സൂചികയായ  സെൻസെക്സും, നിഫ്റ്റിയും നേട്ടത്തിലാണ്  വ്യാപാരം അവസാനിപ്പിച്ചത്. ഹിന്ദു വർഷമായ വിക്ര൦   സാംവദ് (വര്ഷം) 2080 ന്റെ ആദ്യ ദിവസം നടന്ന ഒരു മണിക്കൂർ പ്രത്യേക വ്യാപാരത്തിൽ സെൻസെക്സ്   354 .77 (0 .55 %) പോയിന്റ് ഉയർന്നു 65 ,259 .451 ൽ  എത്തിയപ്പോൾ, നിഫ്റ്റി 100 .20 (0 .52 %) പോയിന്റ് നേട്ടത്തിൽ 19 , 525 .5  ൽ എത്തി.

അടുത്ത വർഷങ്ങളിലെ ഏറ്റവും വലിയ  നേട്ടത്തിൽ അവസാനിച്ച ഈ വർഷത്തെ മുഹൂർത്ത വ്യാപാരം നിക്ഷേപകർക്ക് 2 .2  ലക്ഷം കോടി രൂപയാണ് നേടി കൊടുത്തത് .  മൊത്തം വിപണി മൂല്യം 320 .3 ലക്ഷം കോടിയിൽ നിന്ന് 322 .5 ലക്ഷം കോടിയായി  ഉയർന്നു

മിഡ്‌ക്യാപ് ഓഹരികളും, സ്മാൾക്യാപ്  ഓഹരികളും മുഹൂർത്ത വ്യാപാരത്തിൽ മുൻനിര ഓഹരികളേക്കാൾ മുന്നിലെത്തി. ബി എസ്  സി മിഡ്‌ക്യാപ് സൂചിക 0 .67 ശതമാനവും , സ്മാൾക്യാപ്  1 .14 ശതമാനവും നേട്ടമുണ്ടാക്കി.

30 ഓഹരികളുള്ള സെൻസെക്സ്ൽ ഇൻഫോസിസ്, വിപ്രോ, ഏഷ്യൻ പെയിന്റ്സ്, ടി സി എസ് എന്നിവയാണ് ഏറ്റവും നേട്ടം ഉണ്ടാക്കിയത്. സൺ ഫാർമയും,  അൾട്രാടെക് സിമെന്റും നിക്ഷേപകരെ നിരാശപ്പെടുത്തി നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. 

നിഫ്റ്റി-50  സൂചികയിൽ,  കോൾ ഇന്ത്യയും,  ഇൻഫോസിസും, വിപ്രോയും, യു പി എൽ ഉം, എയ്ചർ മോട്ടോഴ്സും  ഏറ്റവും അധികം നേട്ടം കൊയ്തപ്പോൾ, ബ്രിട്ടാനിയായും, സൺ ഫാർമയും , അപ്പോളോ ഹോസ്പിറ്റലും നിക്ഷേപകർക്ക് ദീപാവലി ദിവസം നഷ്ടമാണ് സമ്മാനിച്ചത്. 

നിഫ്റ്റി സൂചികയിലെ  50  ഓഹരികളിൽ 43 എണ്ണവും മുഹൂർത്ത വ്യാപാരത്തിൽ  നിക്ഷേപകർക്ക് നേട്ടം സമ്മാനിച്ചു  .

 എല്ലാ  സെക്ടറൽ സൂചികകളും നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. 

നിഫ്റ്റി ഐ ടി 0 .72 ശതമാനവും, മെറ്റൽ-റീയൽറ്റി 0 6 ശതമാനവും നേട്ട൦ ഉണ്ടാക്കി. നിഫ്റ്റി ബാങ്ക് സൂചിക 0 . 6 ശതമാനം ഉയർന്നു 43 ,996 .65 ൽ എത്തി.  

വിക്രം സാംവദിന്റെ ആദ്യ ദിവസമായ ദീപാവലി  നാളിൽ ഇന്ത്യയിലെ ഭൂരിപക്ഷം നിക്ഷേപകരും ആ വർഷം  മുഴുവൻ ഐശ്വര്യം നൽകും  എന്ന വിശ്വാസത്തിൽ കുറച്ചു ഓഹരികൾ വാങ്ങും. അതിനാൽ എല്ലാ മുഹൂർത്  (മുഹൂർത്തം) വ്യാപാരത്തിലും  വിപണി നേട്ടത്തിലായിക്കും അവസാനിക്കുക.

സാമ്പത്തിക വിദഗ്ധർ ഭൂരിപക്ഷവും വിക്ര൦  സാംവദ് 2080 നെ കുറിച്ചു ശുഭ പ്രതീക്ഷയുള്ളവരാണ്. രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയുടെ  ശക്തിയാണ് ഇവർ  ഇതിനായി ചൂണ്ടികാണിക്കുന്നത്. 

ലോക രാഷ്ട്രീയ-സാമ്പത്തിക കാലാവസ്ഥ പ്രക്ഷുബ്ധമാണെങ്കിലും , ഇന്ത്യ അതിനെ മറികടന്നു മുന്നോട്ടുപോകുമെന്നാണ് ആക്സിസ് സെക്യൂരിറ്റീസ് എം ഡി പ്രണവ് ഹരിദാസിന്റെ വിശ്വാസം. അതുകൊണ്ടു തന്നെ നിക്ഷേപം ഇന്ത്യൻ തീരത്തേക്ക് ഒഴുകുമെന്നാണ് ഹരിദാസ് പ്രതീക്ഷിക്കുന്നത്

മറ്റു വിപണിയുടെ  അവസ്ഥ എന്തായാലും ആഭ്യന്തര വളർച്ചയുടെ ശക്തിയിൽ  ഇന്ത്യൻ ഓഹരിവിപണി നിക്ഷേപകർക്ക്  നേട്ടങ്ങൾ നൽകും എന്നാണ് കമ്പാറ്റ സെക്യൂരിറ്റീസ് ഡയറക്ടർ സുനിൽ ഷായുടെ ഉറച്ച വിശ്വാസം. പശ്ചാത്തല വികസനത്തിന് കേന്ദ്ര സർക്കാർ നല്ല ഊന്നൽ കൊടുക്കുന്നത് കൊണ്ട് പശ്ചാത്തല -നിർമ്മാണ മേഖല നല്ല വളർച്ച കാഴ്ചവെക്കുമെന്നാണ് ഷാ പറയുന്നത്. തെരഞ്ഞെടുപ്പ് വർഷമായതിനാൽ  സർക്കാർ ഈ മേഖലകളിലേക്ക്   കൂടുതൽ ഫണ്ട് ഇറക്കുമെന്നാണ് അദ്ദേഹം പ്രതീക്ഷിക്കുന്നത്.

Tags:    

Similar News