ദക്ഷിണേന്ത്യ വരൾച്ചയുടെ വക്കിൽ, ജല സംഭരണികൾ വറ്റുന്നു

  • ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ താപനില ക്രമാതീതമായി ഉയരുകയാണ്.
  • കേരളം, തമിഴ്‌നാട്, കർണാടക, തെലങ്കാന, ആന്ധ്ര പ്രദേശ് സംസ്ഥാനങ്ങളിലെ അണക്കെട്ടുകളിൽ സംഭരിച്ചിട്ടുള്ള ജലം ശരാശരിയിലും താഴെയെന്ന് കണക്കുകൾ വ്യക്തമാക്കുന്നു
  • ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ അണക്കെട്ടുകളിൽ 17 ശതമാനം ജലം മാത്രമാണുള്ളത്.

Update: 2024-04-27 09:40 GMT


ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ താപനില ക്രമാതീതമായി ഉയരുകയാണ്. ഒരു ദശാബ്ദത്തിനിടയിലെ ഏറ്റവും കുറവ് ജല സംഭരണമാണ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലേതെന്നാണ് റിപ്പോർട്ട്. കേരളം, തമിഴ്‌നാട്, കർണാടക, തെലങ്കാന, ആന്ധ്ര പ്രദേശ് സംസ്ഥാനങ്ങളിലെ അണക്കെട്ടുകളിൽ സംഭരിച്ചിട്ടുള്ള ജലം ശരാശരിയിലും താഴെയെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.

ദേശീയ ജലകമ്മീഷൻ പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ അണക്കെട്ടുകളിൽ 17 ശതമാനം ജലം മാത്രമാണുള്ളത്. കഴിഞ്ഞ വർഷം ഇക്കാലയളവിൽ ഇത് 29 ശതമാനം ആയിരുന്നു. 43 അണക്കെട്ടുകളാണ് ആറ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലായുള്ളത്.

മൺസൂൺ ആരംഭിക്കാൻ ഇനിയും ഒരു മാസമെങ്കിലും വേണ്ടിവരുമെന്നതാണ് കാലാവസ്ഥാ കേന്ദ്രങ്ങൾ പറയുന്നത്. മൺസൂൺ മഴയിലെ കുറവ് ജല സംഭരണം കുറയുന്നതിന് കാരണമായി. കുടിവെള്ളത്തിനും ജലസേചന ആവശ്യങ്ങൾക്കുമായി കൂടുതൽ വെള്ളം ഉപയോഗിക്കേണ്ടി വന്നതും പ്രതിസന്ധിക്ക് ആക്കം കൂട്ടി.

കർണാടകയിലാണ് ഇത്തവണ ജലക്ഷാമം ഏറ്റവും രൂക്ഷമായിരിക്കുന്നത്. കാവേരി നദിയിലെ ജലനിരപ്പും സംഭരണികളിലെ ജലനിരപ്പും വേനൽ കടുത്തതോടെ ആശങ്കപ്പെടുത്തും വിധം താഴ്ന്നത് ബെംഗളൂരു മേഖലയെ ഉൾപ്പെടെ ബാധിച്ചു. കാവേരി നദിയിലെ വെള്ളം ആശ്രയിച്ചാണ് ബെംഗളൂരുവിലെ ജനജീവിതം മുന്നോട്ട് പോകുന്നത്.

023-ന് മുമ്പുള്ള വർഷങ്ങളെ അപേക്ഷിച്ച് 34 ശതമാനം മഴയുടെ കുറവാണ് കഴിഞ്ഞകുറി കേരളത്തിൽ രേഖപ്പെടുത്തിയത്. ഇത് വ്യാപക കൃഷി നാശങ്ങൾക്കും കുടിവെള്ള ക്ഷാമത്തിനും വഴിവച്ചിരുന്നു. എന്നാൽ ഈ വർഷം സാധാരണയിൽ കവിഞ്ഞ മഴ ലഭിക്കുമെന്നാണ് സൂചന. എൽനിനോ പ്രതിഭാസമായിരുന്നു കഴിഞ്ഞ തവണ വില്ലനായത്. സാധാരണഗതിയിൽ 2018.6 മില്ലിമീറ്റർ മഴയാണ് കേരളത്തിൽ ലഭിക്കുക. എന്നാൽ കഴിഞ്ഞ വർഷം 1327 മില്ലിമീറ്റർ മാത്രമായിരുന്നു പെയ്തത്.

Tags:    

Similar News