7,250 കോടി മൂല്യമുള്ള ഓഹരികള്‍ സംഭാവന നല്‍കി വാരന്‍ ബഫറ്റ്
ബെര്‍ക്ക്‌ഷെയര്‍ ഹാത്ത്‌വേയുടെ 2.4 ദശലക്ഷം ക്ലാസ് ബി ഓഹരികളാണു സംഭാവന ചെയ്തത്
താങ്ക്‌സ് ഗിവിംഗ് ദിനത്തില്‍ വാരന്‍ ബഫെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടിരിക്കുന്ന സ്ഥാപനങ്ങള്‍ക്ക് സംഭാവന ചെയ്തത് 876 ദശലക്ഷം ഡോളര്‍. ഇത് ഏകദേശം 7250 കോടി രൂപയോളം വരും.
93-കാരനായ വാരന്‍ ബഫറ്റിന്റെ ഉടമസ്ഥതയിലുള്ള ബെര്‍ക്ക്‌ഷെയര്‍ ഹാത്ത്‌വേയുടെ 2.4 ദശലക്ഷം ക്ലാസ് ബി ഓഹരികളാണു സംഭാവന ചെയ്തത്.
അമേരിക്കയിലും കാനഡയിലും വര്‍ഷങ്ങളായി ആചരിക്കുന്ന ഒരു വിശിഷ്ട ദിനമാണ് താങ്ക്‌സ് ഗിവിംഗ്. അമേരിക്കയിലെ കോളനി കാലത്ത് ബ്രിട്ടീഷുകാര്‍ തുടങ്ങിവച്ചതാണ് ഈ ദിനമെന്നും പറയപ്പെടുന്നുണ്ട്. നവംബറിലെ നാലാമത്തെ വ്യാഴാഴ്ചയാണ് താങ്ക്‌സ് ഗിവിംഗ് ഡേ ആചരിക്കുന്നത്. 2023-ല്‍ നവംബര്‍ 23നാണ് ഈ ദിനം കൊണ്ടാടുന്നത്.
വാരന്‍ ബഫറ്റിന്റെ ഭാര്യയുടെ പേരിലുള്ള സൂസന്‍ തോംപ്‌സണ്‍ ബഫെ ഫൗണ്ടേഷന്‍, ഷേര്‍വുഡ് ഫൗണ്ടേഷന്‍, ഹോവാര്‍ഡ് ജി. ബഫെ ഫൗണ്ടേഷന്‍, നോവോ ഫൗണ്ടേഷന്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ക്കാണ് സംഭാവന നല്‍കിയത്.
ബ്ലൂംബെര്‍ഗ് ബില്യനെയേഴ്‌സ് സൂചിക പ്രകാരം 120.8 ബില്യന്‍ ഡോളര്‍ ആസ്തിയുള്ള വാരന്‍ ബഫറ്റ്, ലോകത്തില്‍ ഒന്‍പതാമത്തെ ഏറ്റവും വലിയ ധനികനാണ്.