വിനോദസഞ്ചാര മേഖലയില്‍ ബഹ്റൈന് നേട്ടം; കഴിഞ്ഞ വര്‍ഷം മാത്രം രാജ്യത്തെത്തിയത് 99 ലക്ഷം സന്ദര്‍ശകര്‍
- 89 ലക്ഷത്തിലധികം സന്ദര്‍ശകരാണ് കഴിഞ്ഞവര്‍ഷം കോസ് വേ വഴി രാജ്യത്തെത്തിയത്
കോവിഡാനന്തര ടൂറിസം സാധ്യതകളെ ക്രിയാത്മകമായി ഉപയോഗിച്ചതോടെ പ്രതീക്ഷിച്ചതിലേറെ നേട്ടം കൊയ്തിരിക്കുകയാണ് ബഹ്‌റൈന്‍. കഴിഞ്ഞ വര്‍ഷം മികച്ച വളര്‍ച്ചാ ശരാശരിയാണ് ബഹ്റൈനിലെ വിനോദസഞ്ചാര മേഖല സ്വന്തമാക്കിയിരിക്കുന്നത്. പുറത്തുവന്ന കണക്കുകള്‍ പ്രകാരം കഴിഞ്ഞ വര്‍ഷം 150 കോടി ദിനാറിന്റെ വരുമാനമാണ് വിനോദസഞ്ചാര മേഖലയില്‍നിന്ന് ലഭിച്ചിരിക്കുന്നത്.
കോവിഡ് മൂലമുണ്ടായ പ്രത്യാഘാതം ഏറ്റവും രൂക്ഷമായി ബാധിച്ചത് വിനോദ സഞ്ചാര മേഖലയെയായിരുന്നു. എന്നാല്‍ നിലവിലെ കുതിച്ചു ചാട്ടത്തിലൂടെ കൊവിഡിന് മുമ്പുണ്ടായിരുന്ന വരുമാനത്തിന്റെ 90 ശതമാനത്തോളംതന്നെ നേടാനായത് വലിയ കാര്യമായാണ് അധികൃതര്‍ കണക്കാക്കുന്നത്.
ബഹ്റൈന്‍ ഭരണകൂടത്തിന്റെയും അധികാരികളുടെയും കാര്യക്ഷമമായ ഇടപെടലുകളാണ് വിനോദസഞ്ചാര മേഖലയുടെ വലിയ തിരിച്ചുവരവിന് സഹായിച്ചതെന്നും ഇതുസംബന്ധിച്ച സര്‍ക്കാര്‍ പുറത്തുവിട്ട റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
ബഹ്റൈന്‍ അന്താരാഷ്ട്ര വിമാനത്താവളം, കിങ് ഫഹദ് കോസ് വേ എന്നിവ വഴിയുള്ള യാത്രക്കാരുടെ എണ്ണത്തിലും വലിയ വര്‍ധനവ് രേഖപ്പെടുത്തിയിട്ടു. 89 ലക്ഷത്തിലധികം സന്ദര്‍ശകരാണ് കഴിഞ്ഞവര്‍ഷം കോസ് വേ വഴി രാജ്യത്തെത്തിയത്.
മുന്‍വര്‍ഷത്തില്‍ കോസ് വേ വഴി രാജ്യത്തെത്തിയ സന്ദര്‍ശകരുടെ എണ്ണം 32 ലക്ഷമായിരുന്നു. കൂടാതെ പുതിയ വിമാനത്താവള ടെര്‍മിനല്‍ വഴി മാത്രം രാജ്യത്ത് എത്തിയവരുടെ എണ്ണം കഴിഞ്ഞവര്‍ഷം 9 ലക്ഷത്തിലധികമായി ഉയര്‍ന്നതായും കണക്കുകള്‍ വ്യക്തമാക്കുന്നു.
കഴിഞ്ഞവര്‍ഷം 99 ലക്ഷം സന്ദര്‍ശകരാണ് വിവിധ രാജ്യങ്ങളില്‍നിന്നായി ബഹ്റൈനില്‍ എത്തിയത്. 2020ല്‍ 19 ലക്ഷത്തിലധികം സന്ദര്‍ശകരും 2021ല്‍ 36 ലക്ഷത്തിലധികം സന്ദര്‍ശകരുമാണ് ബഹ്റൈന്‍ സന്ദര്‍ശിക്കാനായി എത്തിയിരിക്കുന്നത്. കണക്കുകള്‍ പ്രകാരം കഴിഞ്ഞവര്‍ഷം മാത്രം സന്ദര്‍ശകരുടെ എണ്ണത്തില്‍ മൂന്നുമടങ്ങ് വര്‍ധനവാണുണ്ടായിരിക്കുന്നത്.
