കമ്പനി ലൈസന്‍സ് പുതുക്കാന്‍ കര്‍ശന നടപടികളുമായി ദുബായ് ഇക്കണോമി

  • ദുബായ് സാമ്പത്തിക-ടൂറിസം വകുപ്പാണ് നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുന്നത്

Update: 2023-03-08 12:15 GMT

ദുബായില്‍ കമ്പനി ലൈസന്‍സ് പുതുക്കാന്‍ പുതിയ കര്‍ശന നിബന്ധനകള്‍ ബാധകമാക്കുന്നു. കമ്പനിയുടെ ലാഭവിഹിതം പങ്കിടണമെങ്കില്‍ ഇനി മുതല്‍ രജിസ്റ്റര്‍ ചെയ്ത മുഴുവന്‍ പങ്കാളികളുടെയും സമ്മതമുണ്ടെങ്കില്‍ മാത്രമേ ലൈസന്‍സ് പുതുക്കാന്‍ സാധിക്കുകയുള്ളൂ.

ലൈസന്‍സുമായി ബന്ധപ്പെട്ട മുഴുവന്‍ സേവനങ്ങള്‍ക്കും സ്ഥാപനത്തിന്റെ ഔദ്യോഗിക പ്രതിനിധിയുടേയോ, പാര്‍ട്ണറുടേയോ സാന്നിധ്യവും ദുബായ് ഇക്കണോമി നിര്‍ബന്ധമാക്കിയിട്ടുണ്ട്. ദുബായ് സാമ്പത്തിക-ടൂറിസം വകുപ്പാണ് നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. കഴിഞ്ഞവര്‍ഷം തന്നെ ഓരോ സ്ഥാപനവും ലാഭവിഹിതം കൈപ്പറ്റുന്ന പങ്കാളികളുടെ പേരു വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നത് കര്‍ശനമാക്കിയിരുന്നു. ഇനി മുതല്‍ കമ്പനി ലൈസന്‍സ് പുതുക്കാന്‍ ഇത്തരത്തില്‍ രജിസ്റ്റര്‍ ചെയ്ത മുഴുവന്‍ പങ്കാളികളും ഒടിപി മുഖേനയാണ് സമ്മതം അറിയിക്കേണ്ടത്.

ലൈസന്‍സ് പുതുക്കാന്‍ സ്ഥാപനത്തിന്റെ ഔദ്യോഗിക പ്രതിനിധിയുടേയോ, പങ്കാളിയുടെയോ സാന്നിധ്യം നിര്‍ബന്ധമാക്കിയതായും സര്‍ക്കാര്‍ സേവന സ്ഥാപനങ്ങള്‍ക്ക് ദുബായ് ഇക്കണോമി അയച്ച സര്‍ക്കുലറില്‍ അറിയിച്ചിട്ടുണ്ട്. ലൈസന്‍സ് നടപടികള്‍ക്കായി സമീപിക്കുന്നവരുടെ തിരിച്ചറിയല്‍ രേഖ, പവര്‍ ഓഫ് അറ്റോര്‍ണി, മൊബൈല്‍ നമ്പര്‍ എന്നിവര സൂക്ഷിച്ചുവെക്കണം. നിര്‍ദേശങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച വരുത്തിയാല്‍ സര്‍ക്കാര്‍ സേവന സ്ഥാപനങ്ങള്‍ ഇതിനെതുടര്‍ന്നുള്ള പിഴയടക്കേണ്ടി വരും.

നിയമപരമായി അംഗീകാമില്ലാതെ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന കമ്പനി പിആര്‍ഒമാരെ നിയന്ത്രിക്കാന്‍ കൂടി ലക്ഷ്യമിട്ടാണ് പുതിയ നിബന്ധനയെന്നും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

Tags:    

Similar News