ഇന്ത്യന്‍ ഓഹരികളിലെ എഫ്‍പിഐ വിഹിതം 10 വര്‍ഷത്തെ താഴ്ചയില്‍

  • സെപ്റ്റംബർ മുതൽ ഇന്ത്യന്‍ ഓഹരികളില്‍ എഫ്‍പിഐകള്‍ വില്‍പ്പന തുടരുന്നു
  • എഫ്‍പിഐകളുടെ പോര്‍ട്ട്ഫോളിയോ ഓറിയന്‍റേഷനും മൊത്തം വിഹിതം ഇടിയാന്‍ ഇടയാക്കി

Update: 2023-11-24 09:48 GMT

ഇന്ത്യൻ ഓഹരികളിലെ വിദേശ പോർട്ട്ഫോളിയോ നിക്ഷേപകരുടെ (എഫ്‍പിഐ) വിഹിതം ഒരു ദശാബ്ദത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലെത്തി. ഈ വര്‍ഷം സെപ്തംബർ മുതൽ എഫ്‍പിഐ-കള്‍ ആഭ്യന്തര ഇക്വിറ്റികളില്‍ വ്യാപകമായി വിറ്റഴിക്കല്‍ നടത്തുന്ന സാഹചര്യത്തിലാണ് ഇത്. 

ഐസിഐസിഐ സെക്യൂരിറ്റീസ് പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം നവംബറില്‍ 54.5 ലക്ഷം കോടി രൂപയുടെ ഇന്ത്യന്‍ ഇക്വിറ്റികളാണ് എഫ്‍പിഐകള്‍ കൈവശം വെച്ചിട്ടുള്ളത്. അതായത് മൊത്തം ഇന്ത്യന്‍ ഇക്വിറ്റികളുടെ 16.6 ശതമാനം ആണിത്. 2012ന് ശേഷമുള്ള കാലയളവിലെ ഏറ്റവും താഴ്ന്ന എഫ്‍പിഐ പങ്കാളിത്തമാണ് ഇത്.

ഈ വർഷം സെപ്റ്റംബർ മുതൽ എഫ്‍പിഐകള്‍ 40,000 കോടി രൂപയിലധികം മൂല്യമുള്ള അറ്റവില്‍പ്പനയാണ് ഇന്ത്യൻ ഓഹരികളില്‍ നടത്തിയിട്ടുള്ളത്. 

“നിലവിൽ, എഫ്‍പിഐ പങ്കാളിത്തത്തിലെ ഇടിവിന് കാരണം 2023 സെപ്തംബർ മുതൽ നിരീക്ഷിക്കപ്പെട്ട കുത്തനെയുള്ള വിൽപ്പനയും അവരുടെ പോർട്ട്ഫോളിയോ ഓറിയന്‍റേഷനുമാണ്. ഉദാഹരണത്തിന് ഉയര്‍ന്ന എഫ്‍പിഐ പങ്കാളിത്തമുള്ള ധനകാര്യ ഓഹരികളില്‍ മതിയായ പ്രകടനം ഉണ്ടായിട്ടില്ല, അതേസമയം എഫ്‍പിഐ പങ്കാളിത്തം കുറവായ വ്യാവസായി ഓഹരികളില്‍ മികച്ച പ്രകടനം ഉണ്ടായി," ഐസിഐസിഐ സെക്യൂരിറ്റീസ്  റിപ്പോർട്ടിൽ പറഞ്ഞു.

കൂടാതെ, എഫ്‌പിഐകൾക്ക് കുറഞ്ഞ വിഹിതം ഉള്ള മിഡ്, സ്‌മോൾ, മൈക്രോക്യാപ്‌സിന്റെ മികച്ച പ്രകടനം, മൊത്തത്തിലുള്ള ഇന്ത്യൻ ഇക്വിറ്റികളിലെ എഫ്‌പിഐ ഹോൾഡിംഗിൽ ഇടിവിന് കാരണമായി.

യുഎസ് ട്രഷറി ആദായത്തിലെ സമീപകാല കുതിപ്പ് മൂലധന വിപണികളില്‍ നിന്ന് പിന്‍മാറാന്‍ വിദേശ നിക്ഷേപകരെ പ്രേരിപ്പിച്ചു. സെപ്റ്റംബറിന് ശേഷം 10 വര്‍ഷ യുഎസ് ബോണ്ടുകളിലെ  ശരാശരി ആദായം 4 ശതമാനത്തിന് മുകളിലാണ്. 

Tags:    

Similar News