ഇന്ന് ബിഎസ്ഇയിലെ വ്യാപാരത്തിന്‍റെ ആദ്യ മണിക്കൂറില്‍ ലാർസൻ ആൻഡ് ടൂബ്രോ (എൽ & ടി) ഓഹരി വില ഏകദേശം 3 ശതമാനം ഉയർന്ന് 52 ആഴ്ചയിലെ ഏറ്റവും പുതിയ 2,927.95 രൂപയിലെത്തി. ബിഎസ്‌ഇയിൽ കമ്പനിയുടെ വിപണി മൂല്യം 4 ലക്ഷം കോടി രൂപയ്ക്ക് മുകളിലെത്തി. ഇന്നലത്തെ ക്ലോസിംഗ് നിലയായ 2,847.05ല്‍ നിന്ന് 2.8 ശതമാനം ഉയർന്ന് 2,885.05 രൂപയിലാണ് ഇന്ന് എൽ & ടി ഓഹരി വ്യാപാരം തുടങ്ങിയത്. ഒരു വർഷത്തെ ഏറ്റവും ഉയർന്ന നിലയായിരുന്നു ഇത്.
ഈ വർഷം ഇതുവരെ 36 ശതമാനത്തിലധികം നേട്ടം ഈ ഓഹരി കൈവരിച്ചു. ഇക്വിറ്റി ബെഞ്ച്മാർക്ക് സെൻസെക്സ് ഈ വർഷം ഏകദേശം 9 ശതമാനം നേട്ടമുണ്ടാക്കിയ സ്ഥാനത്താണ് ഇത്. സൗദി ആരാംകോയിൽ നിന്ന് കോടിക്കണക്കിന് ഡോളറിന്‍റെ കരാർ നേടിയതു സംബന്ധിച്ച റിപ്പോർട്ടുകളാണ് എൽ & ടി ഓഹരികളുടെ സമീപകാല കുതിപ്പിന് പിന്നിലുള്ളത്.
സൗദി അരാംകോ തങ്ങളുടെ ജഫൂറ പാരമ്പര്യേതര വാതക ഉൽപ്പാദന പദ്ധതിയുടെ വിപുലീകരണത്തിനാണ് എല്‍ & ടി-യുമായി കരാര്‍ ഉണ്ടാക്കിയിട്ടുള്ളതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. 10 ബില്യൺ ഡോളറിന്റെ വിപൂലീകരണ ഘട്ടത്തിലെ എഞ്ചിനീയറിംഗ്, സംഭരണം, നിർമ്മാണം എന്നിവയ്ക്കായി തിരഞ്ഞെടുത്ത മൂന്ന് കരാറുകാരിൽ ഒരാളാണ് എൽ ആൻഡ് ടി. ഗള്‍ഫ് മാധ്യമങ്ങളുടെറിപ്പോർട്ട് പ്രകാരം എൽ &ടിയുടെ മൊത്തം കരാര്‍ വിജയം 390 കോടി ഡോളറാണ്.
